കാര്യം കഴിഞ്ഞാൽ കറിവേപ്പില അങ്ങനെയൊരു ചൊല്ല് കേട്ടിട്ടുണ്ട്. പക്ഷേ നമ്മൾ കരുതുന്ന പോലെ ആളത്ര ചില്ലറക്കാരനൊന്നുമല്ല. വളരെയധികം ഗുണങ്ങളുള്ള ഒന്നാണ് കറിവേപ്പില. ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നവർക്ക് രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം 5-6 കറിവേപ്പില ചവച്ചരച്ചു കഴിക്കുന്നത് വളരെ നല്ലതാണ്. കറി കൂട്ടിക്കഴിഞ്ഞ് അതിലെ കറിവേപ്പില നമ്മൾ എടുത്തു വലിച്ചെറിയുന്നതും നമുക്ക് അതിന്റെ ഗുണത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടുതന്നെയാണ്. കറിയോടൊപ്പം ഇതുകൂടി കഴിക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടേറെ അസുഖങ്ങളെ ചെറുക്കാൻ സഹായിക്കും.
അയൺ, കോപ്പർ, കാൽസ്യം, ഫോസ്ഫറസ്, ഫൈബർ,പിന്നെ വിറ്റാമിനുകളായ കെ,ബി, സി,ഇ എന്നിവയുടെ കലവറയായ കറിവേപ്പില മുടിയുടെ ആരോഗ്യത്തിനും അകാലനര തടയുന്നതിനും കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു. വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ കറിവേപ്പില കഴിക്കുന്നത് കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ വളരെനല്ലതാണ്.
ദിവസവും രാവിലെ വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് മലബന്ധം, അസിഡിറ്റി തുടങ്ങിയവയെ ചെറുക്കുന്നതിനും സഹായിക്കും.കറിവേപ്പിലയിൽ അടങ്ങിയ ഹൈപ്പർ ഗ്ലൈസമിക് പദാർത്ഥങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കളയുന്നതിനായി രാവിലെ 10 കറിവേപ്പില വരെ പച്ചക്ക് കഴിക്കുന്നത് ഗുണം ചെയ്യും. ദിവസവും കറിവേപ്പില നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം പ്രധാനം ചെയ്യുന്നതിനും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക