ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതായി റിപ്പോർട്ട്. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. നിലവിൽ കാലവർഷം എത്തിയെങ്കിലും ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് ഈ പ്രതിസന്ധിയ്ക്ക് കാരണം.
2306. 3 അടിയാണ് നിലവിലെ ഇടുക്കി ഡാമിലെ ജല നിരപ്പ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇത് ആദ്യമായാണ് ജലനിരപ്പ് ഇത്രയും കുറയുന്നത്. പോയ വർഷത്തേക്കാൾ 31 അടിയോളം കുറവാണ് ഈ വർഷം.
ജലനിരപ്പ് 2280-ൽ എത്തിയാലാണ് വൈദ്യുതി ഉദ്പാദനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നത്. ഇതിന് മുൻപ് 2017-ലാണ് സമാന്തരമായ അവസ്ഥയുണ്ടായത്. വേനൽക്കാലത്ത് വൈദ്യുതി ഉത്പാദനം വർധിച്ചതും തുലാവർഷ മഴ കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം.
നിലവിൽ ഇടുക്കി ജില്ലയിൽ 121.8 മില്ലീമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. അതേ സമയം ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മൂലമറ്റത്ത് പ്രതിദിനം ശരാശരി 9.7 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. 670 ലിറ്റർ വെള്ളമാണ് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദനത്തിന് ആവശ്യം. നിലവിൽ ഇടുക്കി അണക്കെട്ടിൽ നിന്ന് 4200 ഘനയടി വെള്ളം മൂലമറ്റത്തേക്ക് കൊണ്ടുപോകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക