ചെന്നൈ: ലോകേഷ് കനകരാജ് – വിജയ് ചിത്രം ലിയോയുടെ പോസ്റ്റർ റിലീസായതിന് പിന്നാലെ എതിര്‍പ്പുമായി പട്ടാളി മക്കൾ കച്ചി (പിഎംകെ) പ്രസിഡന്റും എംപിയുമായ അൻപുമണി രാമദോസ് രംഗത്ത്.
സിനിമകളിൽ പുകവലി നിർത്തണമെന്ന ആവശ്യവുമായാണ് അൻബുമണി രാമദോസ് എത്തിയിരിക്കുന്നത്. നിരവധി കുട്ടികളും ചെറുപ്പക്കാരും വിജയിയുടെ സിനിമ കാണുന്നതിനാൽ ആളുകൾ പുകവലിക്കുന്നത് തടയാനുള്ള സാമൂഹിക ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്ന് അൻബുമണി രാമദോസ് പറഞ്ഞു.
“നടൻ വിജയ് സിനിമകളിൽ പുകവലി ഒഴിവാക്കണം! ലിയോ സിനിമയുടെ പോസ്റ്ററിൽ നടൻ വിജയ് പുകവലിക്കുന്നതായി കാണുന്നത് സങ്കടകരമാണ്. കുട്ടികളും വിദ്യാർഥികളും അടക്കം നിരവധി ആളുകള്‍ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നുണ്ട്. അദ്ദേഹത്തെ കണ്ട് അവർ പുകവലിക്കരുത്. പുകവലിയിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. നിയമവും അതുതന്നെയാണ് പറയുന്നത്. 2007ലും 2012ലും വാഗ്ദാനം ചെയ്തതുപോലെ സിനിമകളിലെ പുകവലി രംഗങ്ങളിൽ നിന്ന് വിജയ് വിട്ടുനിൽക്കണം’. എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
വിജയ്യുടെ പോക്കിരി റിലീസായപ്പോൾ പിഎംകെ സമാനമായ വിമർശനം ഉന്നയിക്കുകയും സിനിമകളിൽ പുകവലി ഒഴിവാക്കണമെന്ന് വിജയിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ 2011ൽ ഇറങ്ങിയ തുപ്പാക്കി എന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വിജയ് അതിൽ ചുരുട്ട് വലിക്കുന്ന ചിത്രം ഉണ്ടായിരുന്നു.പുതിയ ചിത്രം ലിയോയുടെ പോസ്റ്ററിലും സമാനമായ ചിത്രമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക