ഇളയ ദളപതി വിജയ്യുടെ പിറന്നാൾ ദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് വേണ്ടി വ്യത്യസ്തമായ ആഘോഷ പരിപാടികളാണ് ആരാധകർ ഒരുക്കുന്നത്. എന്നാൽ തന്റെ 49-ാം പിറന്നാൾ ദിനം ആഘോഷിക്കാനൊരുങ്ങുന്ന ആരാധകർക്ക് കിടിലൻ ഒരു സമ്മാനമാണ് വിജയ്-ലോകേഷ് ടീം കരുതി വെച്ചിരിക്കുന്നത്. വിജയ് – ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ വീണ്ടും ഒരുമിക്കുന്ന ലിയോ തന്നെയാണ് ആരാധകർക്ക് ഇളയ ദളപതിയുടെ ഏറ്റവും വലിയ പിറന്നാൾ സമ്മാനം.
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അർദ്ധരാത്രിയോടെയാണ് പുറത്തിറക്കിയത്. വിജയ്യുടെ പിറന്നാൾ ദിനത്തിൽ തന്നെ ആരാധകർക്ക് ലഭിച്ച സമ്മാനം. വേറിട്ട ഗെറ്റപ്പിലുള്ള വിജയ് ആണ് പുറത്തു വന്ന ഗ്രാഫിക് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. മെരുക്കപ്പെടാത്ത നദികളുടെ ലോകത്ത് ശാന്തമായ ജലം ഒന്നുകിൽ ദിവ്യമായ ദൈവങ്ങളോ അല്ലെങ്കിൽ പൈശാചികമായോ ആയിത്തീരുന്നു എന്ന ടാഗ് ലൈനും പോസ്റ്ററിൽ കാണാം.
ലിയോ സിനിമയിൽ അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തിൽ വിജയ് ആലപിച്ച ഗാനവും ഇന്ന് പുറത്തിറങ്ങും. പതിനായിരത്തിലധികം നർത്തകരോടൊപ്പമുള്ള മാസ് ഗാനമാണ് വിജയ് ആലപിക്കുന്നത്. ലിയോയുടെ ആദ്യ സിംഗിൾ പ്രൊമോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
കാനഡയിലെ വിജയ് ആരാധകർ ഇഷ്ട താരത്തിന്റെ ചിത്രം അമേരിക്കയിലെ ടൈംസ് സ്ക്വയറിൽ എത്തിച്ചാണ് പിറന്നാൾ ആഘോഷിക്കുന്നത്. വിജയ് ചിത്രത്തിലെ സ്റ്റില്ലുകളും ക്ളിപ്പുകളും കോർത്തിണക്കിയാണ് വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ ആരാധകർ ആഘോഷം ഒരുക്കിയിരിക്കുന്നത്. മാസ്റ്റേഴ്സ് എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പം ടൈംസ് സ്ക്വയറിൽ നിന്ന് വിജയ് നൃത്തം ചെയ്യുന്ന വീഡിയോ പലരും പങ്കുവയ്ക്കുന്നുണ്ട്. ടൈംസ് സ്ക്വയറിലെ ബിൽ ബോർഡിൽ എത്തിയ ആദ്യ തമിഴ് താരമാണ് വിജയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക