ജീവകാരുണ്യപ്രവര്‍ത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന നടനാണ് ബോളിവുഡ് താരം സോനു സൂദ്. തന്റെ തിരക്കുകള്‍ക്കിടയിലും ആരാധകരോട് സംസാരിക്കാന്‍ സമയം കണ്ടെത്താറുണ്ട്. ആരാധകര്‍ക്ക് സിനിമാ താരം എന്നതിലപ്പുറമുള്ള സ്നേഹവും ബഹുമാനവുമാണ് സോനുവിനോടുളളത്.
ഇപ്പോഴിതാ ട്വിറ്ററിൽ ആരാധകർക്കായി എന്നോട് എന്തും ചോദിക്കാം (Ask Me Anything) എന്ന സെഷനിൽ ആരാധകന്റെ ചോദ്യത്തിന് താരം മറുപടി നൽികിയിരിക്കുന്നതാണ് വൈറൽ ആകുന്നത്.
എന്നോട് എന്തും ചോദിക്കാം എന്ന സെഷനിൽ ആളുകൾ ‘ദൈവം’ എന്ന് വിളിക്കുമ്പോൾ എന്താണ് തോന്നുന്നതെന്ന ഒരു ആരാധകന്റെ ചോദ്യത്തിനാണ് നടൻ മറുപടി നൽകിയത്. താൻ വെറുമൊരു സാധാരണക്കാരൻ മാത്രമാണെന്നായിരുന്നു താരത്തിന്റെ മറുപടി.
“സോനു സർ താങ്കളെ ആളുകൾ നിങ്ങളെ ദൈവം എന്ന് വിളിക്കുന്നു, അതിനെക്കുറിച്ച് രണ്ട് വാക്ക് പറയാമോ” എന്നായിരുന്നു ആരാധകന്റെ ചോദ്യം. “നമ്മുടെ രാജ്യത്തെ മറ്റ് സാധാരണക്കാരെ തമ്മിൽ ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ” – സോനു മറുപടിയായി ട്വീറ്റ് ചെയ്തു.
“വിജയം നേടാനുള്ള ഒരു വഴി? ” മറ്റൊരു ആരാധകൻ അദ്ദേഹത്തോട് ചോദിച്ചു. “നിങ്ങളുടെ മാതാപിതാക്കളുടെ പ്രാർത്ഥനകൾ” – താരം മറുപടി പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരുമായി വളരെ അടുത്ത ബന്ധമാണുളളത്. അക്ഷയ് കുമാർ, മാനുഷി ചില്ലർ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ സാമ്രാട്ട് പൃഥ്വിരാജാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ഫത്തേ ആണ് അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക