ശരീരത്തിലെ ചില ധാതുക്കളും ലവണങ്ങളും കല്ലുകളായി വൃക്കകളില്‍ അടിഞ്ഞുകൂടുന്നത് അത്യധികമായ വേദനയുണ്ടാക്കുന്ന രോഗാവസ്ഥയാണ്. വൃക്കയില്‍ കല്ല് വരുന്നത് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാം. റീനല്‍ കാല്‍കുലി, നെഫ്രോലിത്തിയാസിസ്, യൂറോലിത്തിയാസിസ് എന്നെല്ലാം ഈ അവസ്ഥയെ വിളിക്കുന്നു. വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും. ഇത് വൃക്കകള്‍ വീര്‍ത്ത് മറ്റ് സങ്കീര്‍ണതകളും സൃഷ്ടിക്കുന്നു.
ശരീരത്തിനാവശ്യമായ വെള്ളം ഉള്ളിലെത്താത്തതാണ് രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ആവശ്യത്തിലധികം വൈറ്റമിൻ സി ശരീരത്തിലുള്ളത് പുരുഷന്മാരിലെ കിഡ്നി സ്റ്റോണിന് കാരണമാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. കൃത്യസമയത്ത് കണ്ടത്തിയാല്‍ വേഗത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കിയെടുക്കാന്‍ സാധിക്കുന്ന ഒരു അസുഖമാണ് വൃക്കയിലെ കല്ല്.
ആഹാരക്രമം, അമിതഭാരം, ടൈപ്പ് 2 പ്രമേഹം, അമിതമായി പ്രോട്ടീന്‍ കഴിക്കുന്നത്, സോഡിയത്തിന്റെ അളവ് ശരീരത്തില്‍ അമിതമായി എത്തുന്നത്, കാപ്പിയും ശീതള പാനീയങ്ങളും, ചില രോഗങ്ങള്‍, ചിലതരം മരുന്നുകള്‍ എന്നിങ്ങനെ വൃക്കകളിലെ കല്ലുകള്‍ക്കിടയാക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
വാരിയെല്ലുകള്‍ക്ക് താഴെ വേദന, അടിവയറ്റില്‍ വേദന, മൂത്രമൊഴിക്കുമ്പോൾ പുകച്ചില്‍, അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടല്‍, മൂത്രത്തില്‍ രക്തം എന്നിവയാണ് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുമ്പോൾ അവ തിരിച്ചറിയാന്‍ ശരീരം നല്കുന്ന സൂചനകള്‍.
ധാരാളം വെള്ളം കുടിക്കേണ്ടത് വൃക്കകളിലെ കല്ലുകളെ നിയന്ത്രിക്കാന്‍ അത്യാവശ്യമണ്. നാരങ്ങാനീരും ഒലീവ് എണ്ണയും കലര്‍ത്തി കഴിക്കുന്നതും ഭക്ഷണക്രമത്തില്‍ ആപ്പിള്‍ സെഡര്‍ വിനഗര്‍ ചേര്‍ക്കുന്നതും സെലറി ജ്യൂസ് കഴിക്കുന്നതും ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക