തിരുവനന്തപുരം: ആലുവയിലെ ആറ് വയസുകാരിയുടെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ആശ്ചര്യജനകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 5 മാസമായി ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മന:സാക്ഷിയാണുള്ളതെന്ന് ചെന്നിത്തല ചോദിച്ചു. വിഷയത്തിൽ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും ഇടാത്തത് മുഖ്യമന്ത്രിക്ക് ചേർന്ന രീതിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ആലുവയിലെ പെണ്‍കുട്ടിയുടെ സംസ്കാരത്തിൽ മന്ത്രിമാരും പങ്കെടുത്തില്ലെന്ന വിമർശനം വ്യാപകമാവുന്നതിനിടെയിലാണ് പ്രതികരണവുമായി ചെന്നിത്തല എത്തിയത്.
മുഖ്യമന്ത്രി ഏതോ ബാഹ്യ ശക്തികളുടെ പിടിയിലാണുള്ളത്. മുഖ്യമന്ത്രിയുടെ മൗനം ആരെ സംരക്ഷിക്കാനാണ്?. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവയിൽ ഉണ്ടായ സംഭവത്തിന്റെ മൂലകാരണം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയാണ്. പെൺകുട്ടിയുടെ കുടുംബത്തെ ചേർത്തുപിടിക്കാനും നീതി ഉറപ്പാക്കാനും മുഖ്യമന്ത്രി മൗനം വെടിയണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക