ഉർവശി, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ‘ജലധാര പമ്പ് സെറ്റ് : സിൻസ് 1962’ന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു കോമഡി എന്റർടൈനറായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ഒരു കേസുമായി ബന്ധപ്പെട്ട വർഷങ്ങളായി കോടതിയിൽ കയറിയിറങ്ങുന്ന കഥാപാത്രങ്ങളായാണ് ഉർവശിയും ഇന്ദ്രൻസും എത്തുന്നത്.
നീണ്ട ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സനുഷ മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഇവരെ കൂടാതെ സാഗർ, ജോണി ആന്റണി, ടിജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, നിഷാ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
വണ്ടർ ഫ്രെയിംസ് ഫിലിം ലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സംഗീത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രജിൻ എംപി ആശിഷ് ചിന്നപ്പ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ചായഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത്ത് പുരുഷോത്തമൻ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക