പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയായ വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോട് ജില്ലയിലെ വെള്ളിപറമ്പിലെ സ്വന്തം വസതിയിൽ ആയിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിൽ ജനിച്ച വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഫസീല പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ 1970ൽ മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് കടന്നുവന്ന പിന്നീട് ആയിരത്തിലേറെ പാട്ടുകൾആലപിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായ വി എം കുട്ടി ഫസിലയെ പാട്ടിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തി.
‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിൽ പിടി അബ്ദുറഹ്മാൻ രചിച്ച ‘അഹതവനായ പെരിയോനെ’ എന്ന ഗാനം എം എസ് വിശ്വനാഥന്റെ സംഗീതത്തിൽ ഫസീല ആദ്യമായി ആലപിച്ചു. പിന്നീട് നിരവധി പ്രശസ്ത ഗാനങ്ങൾ ആലപിക്കാനും ഫസീലക്ക് കഴിഞ്ഞു. കേരള മാപ്പിളകലാ അക്കാദമിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഫോക് ലോർ അക്കാദമി ലൈഫ് അച്ചീവ്മെന്റ് അവാർഡ്, മാപ്പിള കലാരത്നം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഫസീലയെ തേടിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക