തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ.എസ്.ആര്.ടി സി യാത്ര സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി ചേർന്ന യോഗത്തിലാണ് തീരുമാനം.
10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും.
കുടുംബാംഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാന മാർഗം കണ്ടെത്തി നൽകാനാവണമെന്ന് മഖ്യമന്ത്രി നിര്‍ദേശിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക ശുശ്രൂഷ നൽകുകയും പുനരധിവാസം ഉറപ്പാക്കുകയും വേണം. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മാനസിക പ്രശ്നമുള്ളവര്‍ക്ക് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മനോരോഗ വിദഗ്ധരുടെ സേവനങ്ങൾ നൽകണം. മരുന്നുകളും ലഭ്യമാക്കണം. റേഷൻകാർഡുകൾ തരം മാറ്റാനുള്ള അപേക്ഷകളിൽ ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കണം.
2025 നവംബർ ഒന്നിന് അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. 2023,2024 വർഷങ്ങളിൽ ഒന്ന്, രണ്ട് ഘട്ട പ്രഖ്യാപനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഓരോ വിഭാഗങ്ങളിൽ എത്ര കുടുംബങ്ങളെ ഇതുവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്ന് പ്രത്യേകം പ്രഖ്യാപിക്കും.
യോഗത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, കെ രാധാകൃഷ്ണൻ, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, എം ബി രാജേഷ്, വിണാ ജോർജ്, ആർ ബിന്ദു, എ കെ ശശീന്ദ്രൻ, ആന്റണി രാജു എന്നിവരും പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ , ചീഫ് സെക്രട്ടറി ഡോ. വേണു വി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക