സദ്യകളിൽ മാങ്ങാ അച്ചാറിനു പ്രത്യേക സ്ഥാനമാണ്. അത് കനല്ലത്. കടുമാങ്ങ അച്ചാർ ആണ് ഏറ്റവും രുചികരം. സദ്യ മാങ്ങാ അച്ചാർ ഉണ്ടാക്കാൻ ഏറ്റവും എളുപ്പമാണ്. വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് അച്ചാർ എങ്ങനെ സ്വാദിഷ്ടമായി തയാറാക്കാം എന്നു നോക്കാം.
വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ മാങ്ങ അച്ചാർ തയാറാക്കി എടുക്കാം. നല്ലെണ്ണയിൽ ഉണ്ടാക്കിയാൽ കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കും.
ചേരുവകൾ
പച്ചമാങ്ങ – അര കിലോ
ഉപ്പ് – ആവശ്യത്തിന്
കാശ്മീരി മുളകുപൊടി- 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കായപ്പൊടി – കാൽ ടീസ്പൂൺ
ഉലുവപ്പൊടി – കാൽ ടീസ്പൂൺ
എണ്ണ – 3 ടേബിൾ സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
വറ്റൽ മുളക് – 3
കറിവേപ്പില – 2 തണ്ട്
വെളുത്തുള്ളി – 2 ടേബിൾ സ്പൂൺ
വെള്ളം – അരക്കപ്പ്
തയാറാക്കുന്ന വിധം
മാങ്ങ കഴുകി വൃത്തിയാക്കി തുടച്ച് ചെറിയ കഷണങ്ങളാക്കി അരിയുക. മാങ്ങയുടെ തൊലി കളയേണ്ട ആവശ്യമില്ല. മാങ്ങ കഷണങ്ങളിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു മണിക്കൂർ മാറ്റിവയ്ക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും മൂപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് ഇളം ബ്രൗൺ നിറമാകുമ്പോൾ ചൂടോടുകൂടി തന്നെ പുരട്ടി വച്ചിരിക്കുന്ന മാങ്ങ കഷണങ്ങളിലേക്ക് ചേർത്ത് യോജിപ്പിക്കുക. മാങ്ങാ അച്ചാറിന് ഗ്രേവി വേണമെന്നുണ്ടെങ്കിൽ അരക്കപ്പ് വെള്ളം തിളപ്പിച്ച് ഒഴിച്ച് യോജിപ്പിച്ച് എടുക്കാം. ചൂടാറിയശേഷം വായു കടക്കാത്ത പാത്രത്തിൽ ആക്കി അടച്ച് സൂക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക