ഓണത്തിന് സദ്യയില്ലാത്ത അവസ്ഥ മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും ആവില്ല. ഒരു നേരം മലയാളി കഴിക്കുന്ന ഓണസദ്യയിൽ ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട മുഴുവൻ പോഷക ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പൊതുവേ പച്ചക്കറികൾ ഉപയോഗിച്ചാണ് സദ്യ തയ്യാറാക്കുന്നത് എങ്കിലും ധാതുക്കളാൽ സമ്പന്നമായതും പോഷകമൂല്യം നിറഞ്ഞതുമാണ് മലയാളിയുടെ സദ്യ.
ചോറു മുതൽ പായസം വരെ 20ലധികം വിഭവങ്ങൾ ചേർന്ന ഓണസദ്യയെ കമ്പ്ലീറ്റ് ന്യൂട്രീഷനൽ പ്ലാനർ എന്ന് തന്നെ വിളിക്കാം. സദ്യ വിളമ്പുന്നതും ഒരു പ്രത്യേക ക്രമത്തിലാണ്. എരിവും പുളിയും ഉപ്പും എല്ലാം സദ്യയിലെ ഓരോ വിഭവങ്ങളിലും അടങ്ങിയിട്ടുണ്ട്.
ചോറും പരിപ്പും ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ് നൽകുമ്പോൾ പച്ചക്കറികളാൽ സമ്പന്നമായ സാമ്പാറും അവിയലും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ പ്രദാനം ചെയ്യും. അവിയലിൽ തേങ്ങ ധാരാളമായി ഉപയോഗിക്കുന്നത് നാരുകൾ ശരീരത്തിൽ എത്തുന്നതിന് സഹായിക്കും. സദ്യയിലെ രസവും മോരും ഒക്കെ ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. വയറിന് സുഖം നൽകുന്നവയാണ് കാളൻ, പച്ചടി എന്നിവ. ശരീരത്തിലെ സോഡിയം ഉറപ്പാക്കുന്നതിന് പപ്പടവും അച്ചാറുകൾ ഒക്കെ സഹായിക്കും. ഷുഗറിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നതിന് പായസവും സഹായിക്കും.
സദ്യയിലെ പ്രധാന വിഭവമായ ഇഞ്ചി കറി ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതോടൊപ്പം അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും ശരീരത്തിലേക്ക് കടത്തിവിടാതെ സംരക്ഷിക്കുകയും ചെയ്യും. സദ്യയിലെ മറ്റൊരു പ്രധാന വിഭവമായ കിച്ചടിക്ക് ഉപയോഗിക്കുന്ന വെള്ളരിക്കയും പാവയ്ക്കയും പോഷക ഗുണങ്ങളാൽ സമ്പന്നമാണ്. വെള്ളരിക്ക ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുമ്പോൾ പാവയ്ക്ക ശരീരത്തിനാവശ്യമായ ഇരുമ്പ്, പൊട്ടാസ്യം, ഫൈബർ, ബീറ്റാ കരോട്ടിൻ, കാൽസ്യം എന്നിവ പ്രദാനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക