പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം ആകും. ഇന്നലെ മൂന്നു മുന്നണികളും മണ്ഡലത്തിൽ അവസാനഘട്ട പര്യടനം ആരംഭിച്ചിരുന്നു. രണ്ട് മുന്നണികളുടെ കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിട്ടുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക് തോമസിന്റെ വാഹന പര്യടനം ഇന്ന് അയർക്കുന്നം, അകലംകുന്നം പഞ്ചായത്തുകളിൽ നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തെരഞ്ഞെടുപ്പ് അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളെ കാണും. മന്ത്രിമാർ പങ്കെടുക്കുന്ന ജനകീയ സംവാദ സദസുകളും മണ്ഡലത്തിൽ നടക്കും.
കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മന്റെ മണ്ഡലത്തിലെ വാഹനപര്യടനത്തിന് ഇന്ന് സമാപനമാവും. അകലംകുന്നം പഞ്ചായത്തിൽ അവസാന ദിവസ പര്യടനവും നടത്തും. രാവിലെ 8. 30ന് മണ്ണൂർ പള്ളി ജംഗ്ഷനിൽ ആരംഭിച്ച പര്യടനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. വൈകിട്ട് 6.30ന് മണൽ ജംഗ്ഷനിൽ നടക്കുന്ന പര്യടനത്തിന്റെ സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇന്ന് പ്രചരണത്തിനായി മണ്ഡലത്തിൽ എത്തുന്ന ശശി തരൂരിന്റെ റോഡ് ഷോ വൈകിട്ട് നാലിന് മണർകാട് മുതൽ പാമ്പാടി വരെ ഉണ്ടാകും. എഐസിസിയുടെ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മീനടത്തും പാമ്പാടിയിലും പരിപാടികളിൽ പങ്കെടുക്കും.
വാഹനജാഥയോടെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ ഇന്നും പ്രചരണത്തിനായി പഞ്ചായത്തുകളിൽ എത്തും. ലിജിൻ ലാലിന്റെ ഇന്നത്തെ പ്രചാരണത്തിന് കേന്ദ്രമന്ത്രി വി മുരളീധരൻ നേതൃത്വം നൽകും. ദേശീയ വക്താവായ അനിൽ ആന്റണി, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ എൻഡിഎ സ്ഥാനാർഥി ലിജിൻലാലിന്റെ പ്രചാരണാർത്ഥം മണ്ഡലത്തിൽ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക