വിമാന ടിക്കറ്റ് നിരക്ക് വലിയതോതിൽ ഉയർന്നുനിൽക്കുന്ന ഘട്ടത്തിൽ യുഎഇയിൽ നിന്ന് കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് പറക്കാൻ പ്രവാസികൾക്ക് അവസരം ഒരുക്കുകയാണ് സലാം എയർ. ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേക്ക് അടുത്തമാസം ആരംഭിക്കുന്ന പുതിയ സർവീസിൽ ടിക്കറ്റിന് 8000 രൂപയാണ് ഈടാക്കുക.
തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉള്ള സർവീസ് ഫുജൈറ വിമാനത്താവളത്തിൽ നിന്ന് മസ്കറ്റ് വഴിയായിരിക്കും കേരളത്തിൽ എത്തിച്ചേരുക. യുഎഇ സമയം രാവിലെ 7.50ന് ഫുജൈറയിൽ നിന്ന് പുറപ്പെടുന്ന സലാം എയറിന്റെ ആദ്യ വിമാനം ഉച്ചയ്ക്ക് 3.20 ന് കോഴിക്കോട് എത്തിച്ചേരും. ആറുമണിക്കൂർ നേരം കൊണ്ട് ആദ്യ വിമാനം ഫുജൈറയിൽ നിന്ന് കോഴിക്കോട് എത്തിച്ചേരും. തുടർന്ന് 10.20 നു പുറപ്പെടുന്ന രണ്ടാമത്തെ വിമാനം 11 മണിക്കൂറിലേറെ മസ്കറ്റിൽ തങ്ങുന്നതിനാൽ പതിനഞ്ചര മണിക്കൂറിന് ശേഷം മാത്രമേ കോഴിക്കോട് എത്തിച്ചേരുകയുള്ളൂ.
ഓൺലൈനായി ഇ -അറൈവൽ വിസ നേടുന്ന യാത്രക്കാർക്ക് മസ്കറ്റിൽ ഒരു ദിവസം ചെലവഴിക്കാനുള്ള അവസരവും സലാം എയർ വാഗ്ദാനം ചെയ്യുന്നു. സലാം എയറിന്റെ സർവീസ് മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കും ഉപകാരപ്രദമാകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക