മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്റ്റംബർ ഏഴിന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ പുത്തൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററിൽ മമ്മൂട്ടി ചിത്രത്തിൽ നായകനായാണ് വില്ലനായാണോ പ്രത്യക്ഷപ്പെടുന്നത് എന്ന ചോദ്യം ഉന്നയിക്കുന്ന തരത്തിലാണ് ഉള്ളത്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയും ആയാണ് മമ്മൂട്ടി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ലൊക്കേഷൻ ആവുന്നത് കൊച്ചിയും ഒറ്റപ്പാലവും ആണ്.
അർജുൻ അശോകൻ, സിദ്ധാർത്ഥ ഭരതൻ, അമൽദ ലിസ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2024 ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ഒരേസമയം ചിത്രം റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക