നടി കീർത്തി സുരേഷിന്റെ വിവാഹവാർത്തകളോട് പ്രതികരിച്ച് അച്ഛൻ ജി സുരേഷ് കുമാർ. കീർത്തി സുരേഷും സംഗീതസംവിധായകൻ അനിരുദ്ധ് രവി ചന്ദറും വിവാഹിതരാകുന്നു എന്ന വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്തരത്തിൽ ദേശീയ മാധ്യമങ്ങളിൽ അടക്കം വരുന്ന വാർത്തകളിൽ യാതൊരു സത്യവും ഇല്ലെന്നും ദയവുചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാർ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
ഈ റിപ്പോർട്ട് തീർത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റു ചിലരുടെ പേരുകളുമായി ചേർത്തു റിപ്പോർട്ടുകൾ നേരത്തെയും ഉണ്ടായിട്ടുണ്ട് എന്നും അനിരുദ്ധ് രവി ചന്ദറിനെയും കീർത്തി സുരേഷിനെ കുറിച്ചും വാർത്തകൾ വരുന്നത് ഇത് ആദ്യമായിട്ടല്ലെന്നും സുരേഷ് കുമാർ പറഞ്ഞു.
താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ ഇതിനുമുമ്പും ഓൺലൈൻ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു. ഫർഹാൻ ലിഖായത്ത് എന്ന ദുബായിലെ വ്യവസായിയായ യുവാവുമായി കീർത്തി പ്രണയത്തിൽ ആണെന്ന തരത്തിലുള്ള ഗോസിപ്പുകളും താരത്തിനെതിരെ ഉയർന്ന് വന്നിരുന്നു. സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്നും ജീവിതത്തിലെ യഥാർത്ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോൾ വെളിപ്പെടുത്തും എന്നുമായിരുന്നു ഗോസിപ്പ് വാർത്തയുടെ ലിങ്ക് പങ്കു വച്ചുകൊണ്ട് നേരത്തെ കീർത്തി വാർത്തകളോട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക