ബീറ്റ്റൂട്ട് കൊണ്ട് ഇങ്ങനെയും ഒരു വിഭവമോ; ബീറ്റ്റൂട്ട് കൊണ്ട് തയ്യാറാക്കാം ഇതുവരെ നിങ്ങൾ ചിന്തിക്കാത്ത ഒരു വിഭവം
ബീറ്റ്റൂട്ട് കൊണ്ട് തോരനും അച്ചാറും ഒക്കെ നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായ ഒരു പായസം ഉണ്ടാക്കി നോക്കിയാലോ. ഇതിനായി എന്തൊക്കെ സാധനങ്ങൾ ആണ് വേണ്ടതെന്ന് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.
ഇതിനായി തൊലികളഞ്ഞ് വൃത്തിയാക്കിയെടുത്ത ബീറ്റ്റൂട്ട് നല്ലതുപോലെ കഴുകി എടുക്കണം. പിന്നീട് ഇത് ഗ്രേറ്റ് ചെയ്ത് എടുക്കാം. ഇത് മാറ്റിവെക്കാം. പിന്നീട് അല്പം ചവ്വരി നല്ലതുപോലെ കഴുകിയതിനു ശേഷം വെള്ളത്തിൽ ഇട്ട് കുതിർത്തതിനു ശേഷം വേവിച്ചെടുക്കുക. ഒരു ഉരുളി അടുപ്പത്ത് വെച്ച് ഇതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കാം. ഇനി ഇതിലേക്ക് ഗ്രേറ്റ് ചെയ്ത് മാറ്റിവച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്ത് നല്ലതുപോലെ ഇളക്കി വേവിച്ചെടുക്കണം.
പിന്നീട് ഇതിലേക്ക് ആവശ്യാനുസരണം പാല് ഒഴിച്ച് കൊടുക്കാം. നല്ലതുപോലെ തിളച്ച് ഒന്ന് കുറുകി വരുമ്പോൾ ഇതിലേക്ക് വേവിച്ച മാറ്റി വെച്ചിരിക്കുന്ന ചവ്വരി ചേർത്ത് കൊടുക്കണം. ഇതു കൂടി ചേർത്ത് നല്ലതു പോലെ ഇളക്കി കുറുക്കിയെടുക്കാം.
കുറുകി വരുമ്പോൾ ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കണം. പഞ്ചസാര നല്ലതുപോലെ അലിഞ്ഞ് കുറുകി വരുന്നതുവരെ ഇളക്കി കൊടുക്കാം. വറുത്തു വെച്ച അണ്ടിപരിപ്പും മുന്തിരിയും കുറച്ച് ഏലയ്ക്കാപ്പൊടിയും ചേർത്ത് വാങ്ങാം. രുചികരമായ ബീറ്റ്റൂട്ട് പായസം റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക