മഴ ശക്തമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ചില സ്കൂളുകൾക്ക് ഇന്ന് അവധി. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ സ്കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. വേളൂർ സെന്റ് ജോൺസ് യുപിഎസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്, കിളിരൂർ എസ്എൻഡിപി എച്ച്എസ്എസ് എന്നീ സ്കൂളുകൾക്കുമാണ് അവധി. ചെങ്ങളം ഗവൺമെന്റ് എച്ച്എസ്എസിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്കൂളിന് അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
അതേസമയം തിരുവനന്തപുരത്ത് പരക്കെ കനത്ത മഴപെയ്യുന്ന സാഹചര്യത്തിൽ പലയിടത്തും വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പെടുന്ന മൂന്ന് സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി നൽകിയത്. കൊഞ്ചിറവിള യു പി സ്കൂൾ, വെട്ടുകാട് എൽ പി സ്കൂൾ, ഗവൺമെന്റ് എം എൻ എൽ പി സ്കൂൾ വെള്ളായണി എന്നിവിടങ്ങൾ നാളെ പ്രവർത്തിക്കില്ല. ഈ സ്കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
സംസ്ഥാനത്ത് തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ ചെറിയ രീതിയിൽ അയവ് വന്നിട്ടുണ്ട്. തെക്കൻ കേരളത്തിൽ തിരുവനന്തപുരത്തും, കൊല്ലത്തും യെല്ലോ അലർട്ട് ആണ്. എങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ നിലയിൽ മഴയില്ല. ചുരുക്കം സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് തിരുവനന്തപുരം ജില്ലയിൽ പല ഭാഗത്തും അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക