പലസ്തീനിലെ ജനതയ്ക്ക് സഹായവുമായി യുഎഇ രംഗത്ത്. പലസ്തീന് രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി. പലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക എന്നാണ് പുറത്തു വരുന്ന വിവരം.
പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് അടിയന്തിര ആശ്വാസം പകരുകയെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സഹായമെത്തിക്കുന്നതെന്ന് യു.എ.ഇ വാർത്താ ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിലും സാധാരണ ജനത്തിന്റെ ജീവൻ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈൻ മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. പലസ്തീൻ വിഭാഗങ്ങളും ഇസ്രായേൽ സേനയും തമ്മിലുള്ള നിലവിലെ സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ സിവിലിയൻമാരുടെ സംരക്ഷണത്തിന് മുൻഗണന നൽകണം എന്നും നിർദ്ദേശം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക