ന്യൂഡൽഹി: ബിഹാറിൽ ബക്സർ ജില്ലയിൽ ട്രെയിൻ പാളംതെറ്റി. അപകടത്തിൽ 4 യാത്രക്കാർ മരിച്ചു. 100 ൽ ഏറെപ്പേർക്കു പരുക്കേറ്റു. സംഭവം ബക്സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷന് സമീപം ആയിരുന്നു. ഡൽഹിയിൽനിന്ന് അസമിലെ ഗുവാഹത്തിയിലേക്കു പോകുകയായിരുന്ന 12506 നോർത്ത് ഈസ്റ്റ് എക്സ്പ്രസിന്റെ 6 കോച്ചുകൾ രഘുനാഥ്പുർ സ്റ്റേഷനിലാണ് പാളം തെറ്റിയത്. രാത്രി 9.50 ന് ട്രെയിൻ ബക്സർ സ്റ്റേഷൻ വിട്ട് രഘുനാഥ്പുർ സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് അപകടം.
നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. 3 എസി കോച്ചുകൾ അടക്കം 6 കംപാർട്മെന്റുകളാണു പാളം തെറ്റിയത്. ദുരന്തനിവാരണ സേന സ്ഥലത്തെത്തി. പട്നയിലേത് അടക്കം ആശുപത്രികളെല്ലാം സജ്ജമാക്കി. അപകടം മൂലം ഈ പാതയിൽ ഗതാഗതം സ്തംഭിച്ചു.
അപകടത്തെ തുടർന്ന് മറ്റ് ട്രെയിനുകളുടെ സർവീസ് നിർത്തി. ബക്സറിൽ നിന്ന് അറയിലേക്കും തുടർന്ന് പട്നയിലേക്കും ട്രെയിൻ നിർത്തിയതായി റിപ്പോർട്ട്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക