വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളതും ഭക്ഷണത്തിന് സുഗന്ധം ലഭിക്കുന്നതിനായി ചേർക്കുന്നതുമായ ഒന്നാണ് മല്ലിയില. കേരളത്തിൽ മല്ലിയില കൃഷി ചെയ്യുന്ന ആളുകൾ താരതമ്യന കുറവാണ്. അതുകൊണ്ടുതന്നെ മല്ലിയിലക്കായി നമ്മൾ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് പതിവ്. അന്യസംസ്ഥാനങ്ങളെയൊന്നും ആശ്രയിക്കാതെ നമുക്ക് ആവശ്യമുള്ള മല്ലിയില വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും. ഇത് എങ്ങനെയെന്ന് നോക്കാം.
കേരളത്തിൽ മല്ലി കൃഷി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ, നവംബർ മാസങ്ങളാണ്. ഒരു മുഴുവൻ മല്ലിയിൽ നിന്ന് നമുക്ക് രണ്ട് ചെടികൾ ഉണ്ടാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ പാകുന്നതിനു മുൻപ് ഓരോ വിത്തും രണ്ടായി പിളർത്തി 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തതിനു ശേഷം വേണം പാകുവാൻ.
കുമ്മായം ചേർത്ത് അമ്ലത നിയന്ത്രിച്ച മണ്ണ് ആയിരിക്കണം വിത്ത് പാകുന്നതിനായി ഉപയോഗിക്കേണ്ടത്. ഉയർന്ന തടങ്ങളിൽ വിത്തുകൾ നടുന്നതിനു മുൻപ് അടിവളമായി ജൈവവളം ചേർക്കാനും മറക്കരുത്. പാകി കഴിയുന്ന വിത്തുകൾ അഞ്ചു മുതൽ 10 ദിവസത്തിനുള്ളിൽ മുളച്ചു വരുന്നതാണ്. അത്യാവശ്യമെങ്കിൽ മാത്രം ജലസേചനം നൽകിയാൽ മതി.
ജൈവവളങ്ങളോട് നല്ല രീതിയിൽ പ്രതികരിക്കുന്ന വിളയായ മല്ലിക്ക് തുടക്കകാലത്തിൽ ജൈവവളങ്ങൾ മാത്രം നൽകിയാൽ മതിയാകും. വിത്തുകൾ നട്ട് 40 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ മല്ലിയില വിളവെടുക്കാൻ പാകത്തിന് വളർന്നുവരും. എന്നാൽ ശരിയായ സമയത്ത് വിളവെടുക്കാതെയിരിക്കുന്നത് മല്ലി പൂവിടുകയും വിത്ത് ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും.
കീടങ്ങളുടെ ആക്രമണം വലിയ രീതിയിൽ ബാധിക്കുന്ന മല്ലിക്ക് അതിൽ നിന്നും രക്ഷ നേടുന്നതിനായി വേപ്പെണ്ണ മിശ്രിതം തളിച്ചു കൊടുക്കാവുന്നതാണ്. ഭക്ഷണപദാർത്ഥങ്ങളിൽ നേരിട്ട് ഉപയോഗിക്കുന്നത് ആയതിനാൽ മല്ലിയിലയിൽ പരമാവധി രാസകീടനാശിനികൾ ഒഴിവാക്കാൻ ശ്രദ്ധിക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക