അനാരോഗ്യകരമായ ഭക്ഷണശീലം,വ്യായാമമില്ലായ്മ, സമ്മര്‍ദ്ദം എന്നിവയാണ് ഹൃദ്രോഗങ്ങള്‍ വര്‍ധിക്കുന്നതിനു പിന്നിലെന്നാണ് പഠനങ്ങള്‍ പറയുന്നത്. വ്യായാമം ചെയ്യാന്‍ മടിക്കുന്നവരാണ് ചിലരെങ്കിലും. എന്നാല്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്തിനല്ലെങ്കിലും ഹൃദ്രോഗത്തെ ചെറുക്കാന്‍ ചില കാര്യങ്ങള്‍ ശീലമാക്കിയാല്‍ മതിയെന്നാണ് പഠനങ്ങള്‍ പറയുന്നത്.
അതില്‍ പ്രധാനമാണ് പടികള്‍ കയറല്‍. ഇന്ന് പലരും ലിഫ്റ്റുകളെ ആശ്രയിക്കുന്നവരാണ്. എന്നാല്‍ അതിനുപകരം പടികള്‍ കയറുന്നത് ശീലമാക്കുന്നതിലൂടെ ഹൃദ്രോഗത്തെ ഒരുപരിധിവരെ ചെറുക്കാനാവുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ദിവസവും അമ്പതു സ്റ്റെപ്പുകള്‍ കയറുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പഠനത്തില്‍ വ്യക്തമായത്.
അമേരിക്കയിലെ ടൂലേയ്ന് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതിരോസ്ക്ലിറോസിസ് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദിവസവും അമ്പതു ചുവടുകള്‍വെക്കുന്നത് ഹൃദ്രോഗസാധ്യത ഇരുപതുശതമാനത്തോളം കുറയ്ക്കും. കാര്‍ഡിയോ റെസ്പിറേറ്ററി ഫിറ്റ്നസ് നേടിയെടുക്കുന്നതില്‍ പടികള്‍ കയറുന്നതിന്റെ സ്ഥാനം വലുതാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
നിലവില്‍ പ്രത്യേകിച്ച് വ്യായാമങ്ങള്‍ ഒന്നും ചെയ്യാത്തവരില്‍ ഈ രീതി ശീലമാക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. യുകെ ബയോബാങ്ക് ഡാറ്റയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് വിലയിരുത്തലില്‍ എത്തിയത്. പ്രായപൂര്‍ത്തിയായ 450,000 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക