യാത്ര ചെയ്യുന്ന ചിലരെയെങ്കിലും അലട്ടുന്ന പ്രശ്നങ്ങളാണ് തലവേദനയും ഛര്‍ദ്ദിയും മനുംപിരട്ടലും. പലര്‍ക്കും ഈ പ്രശ്നം മൂലം പ്രധാനപ്പെട്ട യാത്രകള്‍ പോലും നഷ്ടമാകാറുണ്ട്. ഏറ്റവും സാധാരണമായ, ഓക്കാനം, ഛര്‍ദ്ദി, വളരെ തണുത്ത വിയര്‍പ്പ്, തളര്‍ച്ച, തലവേദന,
മയക്കം, വിശപ്പില്ലായ്മ, ഉമിനീര് വര്‍ധിക്കല്‍ എന്നിവ മുതല്‍ ഇതിന്റെ ലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.
യാത്ര ചെയ്യുമ്പോള്‍ നമ്മുടെ തലച്ചോറിന് കണ്ണുകള്‍, ചെവി, ശരീരം എന്നിവയിലേക്കുള്ള സംവേദനങ്ങളെ ഒന്നിച്ച് കൈകാര്യം ചെയ്യുന്നതില്‍ വരുന്ന ആശയകുഴപ്പമാണ് ഈ അവസ്ഥയ്ക്ക് പിന്നില്‍. അലര്‍ജി, ആരോഗ്യ പ്രശ്നങ്ങള്‍, അമിത ടെന്‍ഷനുകള്‍, ഉറക്കക്കുറവാലുണ്ടാകന്ന ക്ഷീണം, ചെറിയ രീതിയിലുള്ള ആസ്മ (ശ്വാസ തടസ്സം) ഇവയൊക്കെ ഉള്ളവരില്‍ ഈ അവസ്ഥയുണ്ടാകും. യാത്ര ചെയ്യുമ്പോള്‍ മോഷന്‍ സിക്നെസ്സ് ഉള്ളവര്‍ക്ക് അത് മറികടക്കാനും വഴികളുണ്ട്.
മോഷന്‍ സിക്നെസ്സ് ഉണ്ടെങ്കില്‍ ഡ്രൈവിങ് അറിയുമെങ്കില്‍ യാത്രകളില്‍ സ്വയം വണ്ടിയോടിക്കാവുന്നതാണ്. യാത്രയ്ക്ക് ഇറങ്ങും മുന്‍പ് മിതമായ രീതിയില്‍ ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക. യാത്ര ചെയ്യുന്നതിന് കുറച്ചു മുന്‍പ് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
അതുപോലെ നിങ്ങളുടെ കൂടെ ഉള്ളവര്‍ അമിതമായി ഛര്ദ്ദിക്കുന്നവരെങ്കില് അവരുടെ തൊട്ടടുത്ത് ഇരിക്കാതെ അല്‍പ്പം മാറിയിരിക്കുക. സൈഡ് വിന്‍ഡോകളിലൂടെ പുറത്തേക്ക് നോക്കുന്നതിന് പകരം, മുന്‍ ഗ്ലാസ്സിലൂടെ മാത്രം പുറം കാഴ്ചകള്‍ വീക്ഷിക്കുക. ഇത് ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ കുറയ്ക്കും. യാത്രാസമയത്ത് കഴിയുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് കുറക്കുക, പ്രത്യേകിച്ച് ടെക്സ്റ്റുകളും മെസ്സേജുകളും മറ്റും വായിക്കുന്നത് കണ്ണിന് കൂടുതല്‍ ആയാസമുണ്ടാക്കുന്നു. യാത്രയിലുള്ള വായന പരമാവധി ഒഴിവാക്കുക.
യാത്രകളില്‍ കഴിയുന്നതും നല്ല കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കാം. യാത്രകളില്‍ സ്ലീപ്പിങ് ഐ മാസ്ക് കര്‍ണ്ണ കവചം നെക് പില്ലോ എന്നിവ ഉപയോഗിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ ഉപകാരപ്രദമാണ്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന വിലകുറഞ്ഞതും ഗുണമേന്മയില്ലാത്തതുമായ പെര്‍ഫ്യൂമുകളും എയര്‍ ഫ്രഷ്നെറുകളും ഒഴിവാക്കാന്‍ ശ്രമിക്കുക.
ചില വാഹനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള പ്ലാസ്റ്റിക്കുകളും അവ വെയിലേറ്റ് ചൂടാകുമ്പോള്‍ വരുന്ന ഗന്ധങ്ങളും മോഷന്‍ സിക്നെസ്സ് കൂട്ടാം. യാത്ര തുടങ്ങും മുന്‍പ് അല്പസമയം വാഹനത്തിന്റെ വിന്‍ഡോ തുറന്നിടാം. തുടരെ തുടരെ ചെറിയ യാത്രകള്‍ ചെയ്ത് ശരീരത്തെയും മനസ്സിനെയും പതിയെ ശീലിപ്പിക്കുക. പതിയെ യാത്രകളുടെ ദൈര്‍ഘ്യം കൂട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക