‘ഗീതു നായർ’ എന്ന ഫേസ്ബുക്ക് പേജിൽ തന്നെക്കുറിച്ച് വന്ന വ്യാജവാർത്തക്കെതിരെ പ്രതികരിച്ച് നടി മമ്ത മോഹൻദാസ് രംഗത്തെത്തി. ‘ഇനി പിടിച്ചുനിൽക്കാൻ കഴിയില്ല. ഞാൻ മരണത്തിന് കീഴടങ്ങുന്നു. പ്രിയ നടി മംത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’ എന്ന തലക്കെട്ടോടെ ഗീതു നായർ എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെക്കപ്പെട്ട വാർത്തക്കെതിരെയാണ് പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയത്.
‘ശരി നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത്? പേജിന് ശ്രദ്ധ ലഭിക്കാൻ എന്തും പറയാം എന്നാണോ ഞാൻ വിചാരിക്കേണ്ടത്? ഇതുപോലെ വഞ്ചിക്കുന്ന പേജുകൾ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്’ എന്നാണ് മമ്ത വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ചത്.
താരം തന്നെ പ്രതികരണവുമായി രംഗത്തെത്തിയതോടെ പിന്തുണയുമായി നിരവധി പേർ രംഗത്തെത്തുകയും താരത്തിനെതിരെ വ്യാജവാർത്തയുമായി എത്തിയ ഫേസ്ബുക്ക് പേജ് ഡീആക്ടിവേറ്റഡ് ആവുകയും ചെയ്തു. വ്യാജ വാർത്ത സത്യമാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുകയും വാർത്ത ഷെയർ ചെയ്യുകയും ചെയ്തത്.
ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ബാന്ദ്രയാണ് മമ്തയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. നവംബർ 10ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം തമന്നയാണ് നായികയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക