വീട്ടിൽ ലഭ്യമായ ചില സാധനങ്ങൾ ഭക്ഷണത്തിനായി മാത്രമല്ല സൗന്ദര്യ വർദ്ധക വസ്തുക്കളായും നമുക്ക് ഉപയോഗിക്കാം. വീട്ടിൽ ഉപയോഗിക്കുന്ന ഏതെല്ലാം വസ്തുക്കളാണ് സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നത് എന്ന് നോക്കാം. ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളാൽ സമ്പന്നമായ തേൻ മുഖത്ത് പുരട്ടുന്നത് മുഖക്കുരുവും ചർമ്മത്തിലുണ്ടാവുന്ന മറ്റ് പ്രശ്നങ്ങളും അകറ്റുന്നതിന് സഹായിക്കും.
മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ കുറയ്ക്കുന്നതിന് പ്രകൃതിദത്ത ആസ്ട്രിജന്റായ നാരങ്ങാനീര് മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് ഗുണം ചെയ്യും. ലാറ്റിക് ആസിഡ് ധാരാളമായി അടങ്ങിയ തൈര് മുഖത്തിന്റെ ആരോഗ്യ സംരക്ഷണത്തിൽ വളരെ വലിയ പങ്കുവഹിക്കുന്നു. മുഖത്തുണ്ടാകുന്ന മൃതകോശങ്ങളെ മാറ്റി ചർമ്മം തിളക്കമുള്ളതാക്കാൻ തൈര് ഉപയോഗിക്കാം.
കെമിക്കലുകൾ ഒന്നും തന്നെ അടങ്ങിയിട്ടില്ലാത്ത എക്സ്ഫോളിയേറ്ററായ ഓട്സ് മുഖത്തിന് തിളക്കം ലഭിക്കുന്നതിനും മോയ്സ്ചറൈസായി നിലനിർത്തുന്നതിനും സഹായിക്കും. ചർമ്മത്തിൽ ജലാംശം നിലനിർത്താനും വിറ്റാമിനുകളുടെയും ഫാറ്റി ആസിഡുകളുടെയും ഉറവിടമായ അവോക്കാഡോ ഉപയോഗിക്കാം.
പ്രകൃതിദത്ത മോയ്സ്ചറൈസറായി ഉപയോഗിക്കാവുന്ന മറ്റൊന്നാണ് വെളിച്ചെണ്ണ. ഇത് മുഖത്ത് പുരട്ടുന്നത് മുഖത്തെ ചർമം മൃദുലമാക്കാനും മുഖത്തുണ്ടാകുന്ന കുരുക്കൾ മാറുന്നതിനും സഹായിക്കും. വിറ്റാമിൻ ഇ, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയ ഒലിവ് ഓയിൽ ചർമ്മത്തിന്റെ യുവത്വം നിലനിർത്തുന്നതിനും കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനും സഹായകമാണ്.
സൂര്യാഘാതം മൂലം ചർമ്മത്തിനു ഉണ്ടാകുന്ന പ്രശ്നങ്ങളെ അകറ്റുന്നതിന് കറ്റാർവാഴ മുഖത്ത് പുരട്ടുന്നത് വളരെയധികം ഗുണം ചെയ്യും. മുഖത്തെ എണ്ണമയം കുറയ്ക്കുന്നതിനും മുഖ ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനും ആപ്പിൾ സിഡർ വിനഗർ മുഖത്ത് പുരട്ടാവുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക