ഡിവൈഎഫ്ഐ നടത്തിയ വധശ്രമത്തിനെ ജീവൻ രക്ഷാപ്രവർത്തനം എന്ന് ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകി. കലാപാഹ്വാനത്തിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ആണ് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കല്യാശേരിയിലെ നവ കേരള സദസിൽ പങ്കെടുത്ത്തളിപ്പറമ്പിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടുകയും അതിനെ തടയാൻ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തിരുന്നു.
ഹെൽമറ്റ് കൊണ്ടും പൂച്ചട്ടികൾ കൊണ്ടും ഉള്ള സംഘർഷത്തിൽ പരിക്കേറ്റവർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞദിവസം ഡിവൈഎഫ്ഐ പ്രവർത്തകരെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ന്യായീകരിച്ചിരുന്നു.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയ കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ ശ്രമിച്ചത്, ഡിവൈഎഫ്ഐയുടെ പ്രവർത്തി മാതൃകാപരമാണെന്നും ഇത് തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക