കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ ഡ്യൂട്ടി പാസിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഡിസംബർ 9 മുതൽ 15 വരെ തിരുവനന്തപുരത്ത് 15 വേദികളിലായാണ് മേള നടക്കുന്നത്.
നിശ്ചിത ശതമാനം പാസ്സുകൾ മേള റിപ്പോർട്ട് ചെയ്യാൻ എത്തുന്ന മാധ്യമപ്രവർത്തകർക്കായി മാറ്റി വച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് ഡ്യൂട്ടി പാസ്സിന് ഫീസ് ഈടാക്കുകയില്ല. അതേസമയം മേള റിപ്പോർട്ട് ചെയ്യാൻ സ്ഥാപനം നിയോഗിക്കുന്ന മാധ്യമപ്രവർത്തകർക്കും പണമടച്ച് മീഡിയ വിഭാഗത്തിൽ റജിസ്റ്റർ ചെയ്യുന്നവർക്കും ഫോട്ടോ പതിച്ച ഐഡി കാർഡുകൾ നൽകും.
മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾക്ക് പാസുകൾ അനുവദിക്കുക. പാസ്സുകൾ അനുവദിക്കണമെങ്കിൽ മാധ്യമ സ്ഥാപനങ്ങളുടെ ബ്യൂറോ മേധാവികൾ ലെറ്റർപാഡിൽ മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയ സെല്ലിൽ നൽകുന്ന ലിസ്റ്റ് അനുസരിച്ച് മാത്രമേ ഓരോ സ്ഥാപനത്തിനും പാസ്സുകൾ നൽകുകയുള്ളൂ.
ലിസ്റ്റിൽ ഉൾപ്പെടുന്നവർ നിശ്ചിത തീയതിക്കകം ഓൺലൈനായി പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുകയും ചെയ്യണം. പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുന്നതിന് http://registration.iffk.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. പ്രൊഫൈൽ ക്രിയേറ്റ് ചെയ്തതിനുശേഷം ലഭിക്കുന്ന പ്രൊഫൈൽ നമ്പറും ചേർത്ത് അപേക്ഷ സമർപ്പിക്കാനും ശ്രദ്ധിക്കണം.
അതേസമയം മുൻ വർഷങ്ങളിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത രജിസ്റ്റർ ചെയ്ത മാധ്യമപ്രവർത്തകർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. റജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മറ്റ് വിശദാംശങ്ങൾക്കുമായി 8088548843,9961427111 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക