ധനുമാസത്തിലെ തിരുവാതിര മുതൽ 12 ദിവസം മാത്രം തുറക്കുന്നുവെന്ന അപൂർവതയുള്ള ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവം വിശ്വാസികൾ ഏറ്റവും കാത്തിരിക്കുന്ന ദിവസങ്ങളാണ്.
തിരുവാതിര നാളായ 2023 ഡിസംബർ 26 ചൊവ്വാഴ്ച മുതൽ 2024 ജനുവരി 6 ശനിയാഴ്ച വരെയാണ് നടതുറപ്പ് മഹോത്സവം നടക്കുന്നത്.
പാർവ്വതി ദേവിയുടെ അനുഗ്രഹം നേടാൻ നടതുറന്നുള്ള ദർശനത്തിനു വിശ്വാസികൾ ഒഴുകിയെത്തും ഇവിടെ. സ്ത്രീകളുടെ ശബരിമല എന്നും തിരുവൈരാണിക്കുളം ക്ഷേത്രം അറിയപ്പെടുന്നു.
എറണാകുളം ആലുവയിൽ വെള്ളാരപ്പള്ളി ഗ്രാമത്തിൽ കാലടിക്കടുത്ത് കാഞ്ഞൂർ തൃക്കണിക്കാവിൽ പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഐതിഹ്യപ്രധാനമായ ക്ഷേത്രത്തിൽ ഉത്സവദിനങ്ങളിൽ അന്തർ സംസ്ഥാനങ്ങളിൽ നിന്നടക്കം പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ദർശനത്തിനെത്തുക.
ഒരേ ശ്രീകോവിലിൽ വ്യത്യസ്ത ദിശകളിലേക്കായി ദർശനം നല്കുന്ന ശിവനും ശ്രീപാർവ്വതിയുമാണ് ഇവിടെയുള്ളത്. ഇതിൽ പാർവ്വതി ദേവിയുടെ നട തുറക്കുന്നത് വർഷത്തിൽ വെറും 12 ദിവസങ്ങൾ മാത്രമാണ്. ധനുമാസത്തിൽ തിരുവാതിരനാൾ മുതൽ തുറക്കുന്ന ദേവിയുടെ ദർശനം വിശ്വാസികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്.
തിരുവാതിര നക്ഷത്രം സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് ദേവിയുടെ നടതുറക്കുന്നത്. ക്ഷേത്ര ദർശനത്തിനായി സാധാരണ കൂടാതെ വെർച്ച്വൽ ക്യൂ ബുക്കിങ്ങ് സംവിധാനവും ഉണ്ടായിരിക്കുന്നതാണ്. വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്കും സാധാരണ ക്യൂ വഴി ക്ഷേത്ര ദർശനം നടത്താവുന്നതാണ്.
നടതുറക്കുന്ന 12 ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസമെങ്കിലും ദേവിയെ ദർശനം നടത്തിയാൽ ജീവിതത്തിൽ സൗഭാഗ്യങ്ങളുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മംഗല്യലബ്ധിയും ദീർഘമാംഗല്യവും കൂടാതെ കുടുംബത്തിൽ ഐശ്വര്യവും ലഭിക്കുമെന്നാണ് കരുതുന്നത്. ആഗ്രഹിക്കുന്ന ഏതു കാര്യവും ഈ സമയത്ത് വന്നു പ്രാർത്ഥിച്ചാൽ നടത്തുമെന്നും വിശ്വാസികൾ കരുതുന്നു.
ഇവിടെ വരുവാൻ ഉദ്ദേശിക്കുന്നവർക്ക് സൗകര്യ പ്രദമായ തീയതിയിലും സമയത്തും ദർശനത്തിന് അവസരം ലഭിക്കുവാൻ വിർച്വൽ ക്യൂ സൗകര്യം പ്രയോജനപ്പെടുത്താം. https://thiruvairanikkulamtemple.org/VirtualQBooking/ എന്ന അഡ്രസ് വഴി വിർച്വൽ ബുക്ക് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക