സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ ഹിറ്റ് ചിത്രം ‘മുത്തു’വിന്റെ റീ റിലീസ് മുടങ്ങി. ഒറ്റ ടിക്കറ്റ് പോലും വിറ്റുപോകാത്തതിലാണ് റീ റിലീസിങ്ങ് മുടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 2-ന് ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നടത്താനിരുന്ന റീ റിലീസാണ് മുടങ്ങിയത്. 1995 ല്‍ കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത ‘മുത്തു’ തമിഴ്നാട്ടില്‍ 175 ദിവസത്തിലധികം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചിരുന്നു.
രജിനികാന്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചായിരുന്നു രജിനിയുടെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘മുത്തു’ റീമാസ്റ്ററിങ് നടത്തി റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ആരും മുന്‍കൂറായി ടിക്കറ്റ് എടുക്കാതായതോടെ ഷോകള്‍ റദ്ദാക്കുകയായിരുന്നു. ഡിജിറ്റല്‍ റീമാസ്റ്ററിങ് സാധ്യതകള്‍ സജീവമായതോടെയാണ് പണ്ടത്തെ ഹിറ്റ് ചിത്രങ്ങള്‍ വീണ്ടും റീ റിലീസ് ചെയ്യാന്‍ തുടങ്ങിയത്.
നേരത്തെ രജിനിയുടെ തന്നെ ‘ബാബ’ റീറിലീസ് ചെയ്ത് വന്‍ വിജയമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ‘മുത്തു’ റീ റിലീസ് ചെയ്യാന്‍ തീരുമാനമായത്. തമിഴ്നാട്ടില്‍ ഡിസംബര്‍ 8 നാണ് ചിത്രം റിലീസ് ചെയ്യുക. ഡിസംബര്‍ 12 നാണ് രജിനികാന്തിന്റെ ജന്മദിനം. രജിനികാന്തിന് പുറമെ കമല്ഹാസന്, അമിതാഭ് ബച്ചന്, പ്രഭാസ്, പവന് കല്യാണ്‍, വിജയ് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ റീ റിലീസ് ചെയ്തിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിന്റെ സ്ഫടികവും റീ റിലീസ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക