തമിഴ് താരങ്ങളായ സൂര്യയും കാർത്തിയും യഥാർത്ഥ ജീവിതത്തിലും ഹീറോസ് ആവുകയാണ്. ചെന്നൈയിലെ പ്രളയ ദുരിതാശ്വാസത്തിന് താരങ്ങൾ 10 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ചെന്നൈ പ്രളയത്തിൽ വെള്ളപ്പൊക്കം രൂക്ഷമായ ചെന്നൈ, കാഞ്ചിപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായാണ് താരങ്ങൾ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചത്.
നേരത്തെ ചെന്നൈ കോർപ്പറേഷൻ പ്രളയത്തിൽ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടൻ വിശാൽ രംഗത്ത് വന്നിരുന്നു. അതേസമയം ചെന്നൈയിൽ നിന്നും വടക്കോട്ട് നീങ്ങുന്ന മിഷോങ് തീവ്ര ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്ക് മുൻപ് ആന്ധ്രാതീരം തൊടുമെന്നാണ് വിലയിരുത്തൽ.
ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന കനത്ത മഴ നാളെ പുലർച്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 162 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ചെന്നൈയിൽ തുറന്നിട്ടുള്ളത്.
മഴ മാറി രണ്ടു മണിക്കൂറിനു ശേഷം മാത്രമേ വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ സാധിക്കൂവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക