മോഹൻലാലിനെ കേന്ദ്ര കഥാപാത്രം ആക്കി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നേര്’ ന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തുവിട്ടു. ഇത്തവണത്തെ പോസ്റ്ററിൽ പക്ഷേ മോഹൻലാലിനൊപ്പം പ്രിയാമണിയും അനശ്വര രാജനും ഉൾപ്പെട്ടിട്ടുണ്ട്.
നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ രണ്ട് പോസ്റ്ററുകളിലും മോഹൻലാൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം ഒരു കോർട്ട് റൂം ഡ്രാമയായിട്ടാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ മോഹൻലാലും പ്രിയാമണിയും അഭിഭാഷകരായി എത്തുമ്പോൾ ജഗദീഷ്, സിദ്ദീഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിന്ടോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.
നിരവധി കോടതി രംഗങ്ങൾ കണ്ട മലയാളം പ്രേക്ഷകർക്കും മുന്നിൽ പുത്തൻ അനുഭവമായിട്ടായിരിക്കും ‘നേര്’ എത്തുക എന്ന് അണിയറ പ്രവർത്തകർ ഉറപ്പുനൽകുന്നു. ലീഗൽ ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും സംഗീത സംവിധാനം നിർവഹിക്കുന്നത് വിഷ്ണു ശ്യാമും ആണ്.
ചിത്രത്തിന്റെ തിരക്കഥ ചിരിക്കുന്നത് ജിത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ്. ക്രിസ്തുമസ്സിനു മുന്നോടിയായി ഡിസംബർ 21ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക