ഔദ്യോഗിക ഭാഷ പൂർണമായും മലയാളമാക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അന്ത്യശ്വാസനം നൽകി. നിലവിൽ ഇംഗ്ലീഷിൽ തയ്യാറാക്കുന്ന ഓഫീസ് സീൽ, ഉദ്യോഗസ്ഥരുടെ പേര്, ഔദ്യോഗിക പദവി തുടങ്ങി തസ്തികകളുടെ മുദ്രകൾ അടക്കമുള്ളവ മലയാളത്തിൽ കൂടി തയ്യാറാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചു.
സർക്കാർ വാഹനങ്ങളിൽ മുൻഭാഗത്ത് സ്ഥാപിക്കുന്ന ബോർഡുകൾ മലയാളത്തിലും പിൻഭാഗത്തെ ബോർഡ് ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ തയ്യാറാക്കണം, ഓഫീസുകളിലെ എല്ലാ ബോർഡുകളുടെയും ആദ്യ നേർപ്പകുതി മലയാളത്തിലും രണ്ടാം പകുതി ഇംഗ്ലീഷിലും തയ്യാറാക്കണം, ഡ്യൂട്ടി റജിസ്റ്റർ, ഹാജർ പുസ്തകം തുടങ്ങി ഓഫീസുകളിലെ എല്ലാ റജിസ്റ്ററുകളും മലയാളത്തിലായിരിക്കണം തുടങ്ങി നിരവധി നിർദ്ദേശങ്ങൾ ആണ് ഉത്തരവിൽ നൽകിയിരിക്കുന്നത്.
ഓഫീസുകളിലെ ഫയലുകളിൽ പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ നടപടികളെല്ലാം മലയാളഭാഷയിൽ ആയിരിക്കണമെന്നും ഫയലുകളിലെ രേഖപ്പെടുത്തലുകൾ പൂർണ്ണമായും മലയാളത്തിൽ കൈകാര്യം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ നിരവധി തവണ ഇക്കാര്യത്തിൽ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഇതുവരെയും നടപ്പായിട്ടില്ല.
സർക്കാർ പത്രങ്ങൾക്ക് നൽകുന്ന പരസ്യങ്ങൾ മലയാളത്തിൽ ആകണമെന്നും ഇളവുകൾ പ്രകാരം ഇംഗ്ലീഷിൽ ഫയൽ തയ്യാറാക്കുമ്പോൾ കുറിപ്പ് ഫയൽ മലയാളത്തിലായിരിക്കണം എന്നും നിർദ്ദേശമുണ്ട്. ഡിസംബർ 30 നുള്ളിൽ നിർദ്ദേശങ്ങൾ നടപ്പാക്കണം എന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അന്ത്യശാസനം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക