നവാഗതരായ ഷാഹുൽ, ഫായിസ് മടക്കര എന്നിവർ ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ മുഴുനീള സർവൈവൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ‘രാസ്ത’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സർജാനോ ഖാലിദ്, അനഘ നാരായണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി അഞ്ചിന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് ആണ് നിർമ്മിക്കുന്നത്.
മസ്കറ്റിലും ഒമാനിലെ വുഹൈത സാൻഡിസിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. 2011 സൗദി ഒമാൻ അതിർത്തിയിൽ പടർന്നു കിടക്കുന്ന എംപ്റ്റി ഓഫ് ക്വാർട്ടർ എന്ന റുബൽ ഖാലി മരുഭൂമിയിൽ ഉണ്ടായ യഥാർത്ഥ സംഭവകഥ യെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ ഈ ജോണറിൽ അവതരിപ്പിച്ചിട്ടുള്ള ആദ്യ സർവൈവൽ ചിത്രമായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
അറബ് താരങ്ങളായ ഫക്രിയ ഖമീസ്, ഷൈമ സൈദ്, അൽ ബര്കി, ഖമീസ് അൽ റവാഹി, മുഹമ്മദ് അബ്ദുള്ള അൽ ബലൂഷി, പാക്കിസ്ഥാനി താരം സാമി സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും സുധീഷ്, ഇർഷാദ് അലി, ടി ജി രവി, ആരാധ്യ ആൻ, ആശാ അരവിന്ദ്, സോനാ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഹരിനാരായണൻ, അൻവർ അലി, വേണുഗോപാൽ ആർ എന്നിവർ ചേർന്ന് രചിച്ച ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് അവിൻ മോഹൻ സിത്താരയാണ്. വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, മൃദുല വാരിയർ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക