ഭക്ഷണത്തിന് രുചി നല്കുന്നതില് പ്രധാനമാണ് ഉപ്പ്. ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലും അത് രുചിയെ ബാധിക്കു. ചിലര്‍ക്ക് ഉപ്പിന്റെ അളവ് കുറച്ച് കൂടുതലായി വേണം. എന്നാല്‍ ഉപ്പിന്റെ അളവ് കൂടിയാല്‍ ചില ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. ഡയറ്റില്‍ ഉപ്പിന്റെ അളവുകൂടുന്നത് രക്തസമ്മര്‍ദത്തിന്റെ തോത് കൂട്ടുന്നതിനൊപ്പം ഹൃദ്രോഗപ്രശ്നങ്ങള്‍ക്കും ഇടയാക്കും. അതുകൂടാതെ ഉപ്പിന്റെ അളവ് അര്‍ബുദത്തിനും കാരണമാകാം.
പത്തുഗ്രാമില് കൂടുതല്‍ ഉപ്പ് ദിവസവും കഴിക്കുന്നത് ഉദര അര്‍ബുദത്തിന് ഇടയാക്കുമെന്ന് ജാപ്പനീസ് പഠനത്തില്‍ പറയുന്നുണ്ട്. എലികള്‍ക്ക് ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണം നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഇതിലൂടെ ഉപ്പ് അമിതമായി അളവില്‍ ഉപയോഗിച്ചത് വയറിന്റെ ആവരണത്തില്‍ മാറ്റം വരുത്തുന്നുവെന്ന് കണ്ടെത്തി.
ഇതുകൂടാതെ ചൈന, അമേരിക്ക, സ്പെയിന് തുടങ്ങിയവിടങ്ങളില്‍ നടത്തിയ പഠനങ്ങളിലും ഉപ്പിന്റെ അമിതോപയോഗവും ഉദര അര്‍ബുദവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പറഞ്ഞിരുന്നു. ഉപ്പ് ധാരാളമായി ഉപയോഗിക്കുന്നതും ഗ്യാസ്ട്രിക് കാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആക്ഷന്‍ ഓണ്‍ സാള്‍ട്ട് എന്ന ജേര്‍ണലിലും പറയുന്നു.
ദഹനക്കുറവ്, വിശപ്പില്ലായ്മ, വയറുനിറഞ്ഞ അവസ്ഥ, രക്തസ്രാവം, മലത്തില്‍ രക്തത്തിന്റെ അംശം, രക്തം കട്ടപിടിക്കുന്നത്, വേദന തുടങ്ങിയവയാണ് ഉദര അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍. സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരിലാണ് ഉദര അര്‍ബുദത്തിനുള്ള സാധ്യത കൂടുതലെന്നാണ് പഠനത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക