വളരെയധികം നൊസ്റ്റാൾജിയ ഉണർത്തുന്ന ഒന്നാണ് കടല മിഠായി. കടകളിൽ നിന്നും വാങ്ങിക്കുന്നതിനേക്കാൾ ഇരട്ടി രുചിയിൽ കടല മിഠായി വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ് ഇത്. എങ്ങനെയാണ് കടല മിഠായി ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ കടല ഒന്ന് നല്ലതുപോലെ വറുത്തെടുക്കണം. ശേഷം തൊലിയെല്ലാം കളഞ്ഞ് വൃത്തിയാക്കിയതിനു ശേഷം തരുതരുപ്പായി ഒന്ന് പൊടിച്ചെടുക്കാം. പിന്നീട് മധുരത്തിന് ആവശ്യമായ ശർക്കര ഉരുക്കിയെടുക്കണം. ഉരുക്കിയെടുത്ത ശർക്കര അരിച്ചെടുക്കാം.
ശേഷം ഒരു ഉരുളി അടുപ്പത്ത് വച്ച് അതിലേക്ക് ശർക്കര പാനി ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് അല്പം നെയ്യ് കൂടി ചേർത്തു കൊടുക്കണം. നല്ലതുപോലെ കുറുകി കട്ടി പരുവം ആയി വരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കാം. പിന്നീട് ഇതിലേക്ക് വറുത്ത് പൊടിച്ച് മാറ്റിവച്ചിരിക്കുന്ന കടല കൂടി ചേർത്തു കൊടുക്കണം.
നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം എണ്ണയോ നെയ്യോ തടവിയ ഒരു പലകയിലേക്ക് ഈ മിക്സ് ഒഴിച്ച് ചപ്പാത്തി കോലുകൊണ്ട് പരത്തി എടുക്കണം. നല്ലതുപോലെ സെറ്റ് ആയതിനുശേഷം മുറിച്ച് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക