മീരാ ജാസ്മിൻ, നരേൻ എന്ന ഹിറ്റ് താര ജോഡി വീണ്ടും ഒന്നിച്ച് എത്തുന്ന ചിത്രമാണ് ‘ക്യൂൻ എലിസബത്ത്’. ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഡിസംബർ 29ന് ചിത്രം തീയറ്ററുകളിൽ എത്തും.
15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിനും നരേനും ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാർ ആണ്. അച്ചുവിന്റെ അമ്മ, മിന്നാമിന്നി കൂട്ടം,ഒരേ കടൽ തുടങ്ങിയ ഒരു കൂട്ടം ഹിറ്റ് ചിത്രങ്ങളിലൂടെ ഒരുമിച്ച് എത്തിയ താരജോഡി വീണ്ടും ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.
റൊമാന്റിക് കോമഡി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ഉജ്ജ്വലമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ താരം മീരാ ജാസ്മിൻ. 35 വയസ്സുകാരനായ അലക്സ് എന്ന നിഷ്കളങ്കനും സൗമ്യനുമായ കഥാപാത്രമായി നരേനും സ്ക്രീനിൽ എത്തുന്നു.
കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം പത്മകുമാർ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
അർജുൻ ടി സത്യൻ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മീരാ ജാസ്മിൻ നരേൻ എന്നിവരെ കൂടാതെ ശ്വേതാ മേനോൻ രമേശ് പിഷാരടി, വി കെ പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനീകാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്ര നായർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോൺ പോൾ എന്നിവരാണ് ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ജിത്തു ദാമോദർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക