ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി രണ്ടിന് കേരളത്തിൽ എത്തും. വനിതാ ബിൽ പാസായതിലുള്ള അഭിനന്ദനങ്ങൾ അറിയിക്കാൻ തൃശ്ശൂരിൽ നടത്തുന്ന സ്ത്രീ സംഗമത്തിൽ പങ്കെടുക്കുന്നതിന് ആയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അടക്കം ചർച്ച ചെയ്യും. ബിജെപിയുടെ മറ്റ് മുതിർന്ന നേതാക്കളായ ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, മറ്റ് മുതിർന്ന നേതാക്കൾ തുടങ്ങിയവർ സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും എന്ന് നേരത്തെ തന്നെ സുരേന്ദ്രൻ പറഞ്ഞിരുന്നു.
എൻഡിഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ജനുവരി അവസാനം പദയാത്ര നടത്താൻ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം എത്തിക്കുന്നതിനായി എല്ലാ എൻഡിഎ പ്രവർത്തകരും ഇറങ്ങും എന്നും സുരേന്ദ്രൻ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക