ന്യൂയോര്‍ക്ക്: രണ്ടുവര്‍ഷം മുമ്പ് ആമസോണ്‍ സിഇഒ സ്ഥാനം ഒഴിയാനുള്ള കാരണം വെളിപ്പെടുത്തി സഹസ്ഥാപകനായ ജെഫ് ബെസോസ്. തന്റെ ബഹിരാകാശ പര്യവേക്ഷണ സംരംഭമായ ബ്ലൂ ഒറിജിനോടുള്ള പ്രതിബദ്ധതയാണ് ആമസോണില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ജെഫ് ബെസോസ് പറഞ്ഞു. ലെക്സ് ഫ്രിഡ്മാന് പോഡ്കാസ്റ്റിന്റെ സമീപകാല എപ്പിസോഡിലാണ് ബെസോസ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്ലൂ ഒറിജിനും ആമസോണും കൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചില്ല. അതേസമയം, ബ്ലൂ ഒറിജിന്‍ എന്നെ ആവശ്യവുമായിരുന്നു. അതിനാല്‍ അതിനൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചുവെന്ന് ബെസോസ് വ്യക്തമാക്കി. 2000-ത്തിലാണ് ബെസോസ് ബ്ലൂ ഒറിജിന്‍ സ്ഥാപിച്ചത്. ബ്ലൂ ഒറിജിനലില്‍ കഠിനാധ്വാനം ചെയ്യുകയാണ് ബെസോസ്. എന്നാല്‍ താനത് വളരെ ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
രണ്ടു വര്‍ഷമായി ദിവസത്തിന്റെ ഭൂരിഭാഗം സമയവും അവിടെയാണ് ചെലവഴിക്കുന്നത്. ചെലപ്പോള്‍ നിരാശപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ടെന്നും ബെസോസ് കൂട്ടിച്ചേര്‍ത്തു. വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബഹിരാകാശ യാത്ര സേവന കമ്പനിയാണ് ബ്ലൂ ഒറിജിന്‍. 2022 സെപ്റ്റംബര്‍ വരെ 32 വിനോദ സഞ്ചാരികളെ ബ്ലൂ ഒറിജിന്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക