ആമസോണ്‍ പ്രൈം വീഡിയോയും പ്ലാറ്റ്ഫോമില്‍ പരസ്യങ്ങള്‍ കാണിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലുള്ള പ്ലാനുകളില്‍ സിനിമകള്‍, ടിവി പരിപാടികള്‍ എന്നിവയ്ക്കൊപ്പം പരസ്യങ്ങളും കാണിക്കും. 2023 ല്‍ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധിക തുക നല്കിയാല് ഈ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. 2024 ജനുവരി 29 മുതല്‍ ആമസോണ്‍ പ്രൈമില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും.
യു.എസ്, യു.കെ, ജര്‍മനി, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ലഭിച്ച ഇമെയില്‍ സന്ദേശത്തില്‍ പരസ്യങ്ങള്‍ അവതരിപ്പിക്കുന്ന വിവരം അറിയിച്ചിട്ടുണ്ട്. ഉള്ളടക്കങ്ങള്‍ക്ക് വേണ്ടിയുള്ള നിക്ഷേപത്തിന് പണം കണ്ടെത്താനുള്ള മാര്‍ഗമായാണ് പരസ്യങ്ങള്‍ കാണിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. നിലവില്‍ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളൂവെങ്കിലും ഇന്ത്യ ഉള്‍പ്പടെ മറ്റെല്ലാ രാജ്യങ്ങളിലേക്കും ഇത് താമസിയാതെ തന്നെ എത്തിച്ചേക്കും.
ടിവി ചാനലുകളേക്കാലും മറ്റ് സ്ട്രീമിങ് സേവനദാതാക്കളേക്കാളും കുറച്ച് പരസ്യങ്ങള്‍ മാത്രമേ തങ്ങള്‍ ലക്ഷ്യമിടുന്നുള്ളൂ. അതിന് ഉപഭോക്താക്കള്‍ ഒന്നും ചെയ്യേണ്ടതില്ലെന്നും നിലവിലെ നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്നും ആമസോണ്‍ പ്രൈം അറിയിച്ചു. പരസ്യങ്ങള്‍ മാറ്റാന്‍ 2.99 ഡോളറാണ് (248.8 രൂപ) ആണ് പ്രതിമാസം അധികമായി നല്‍കേണ്ടത്. പരസ്യങ്ങളില്ലാത്ത പ്ലാന്‍ എടുക്കുന്നതിനുള്ള ലിങ്കും ഇമെയിലില്‍ ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക