പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേരക്ക് തിരിച്ചടി. പ്രധാനമന്ത്രിക്ക് എതിരായ പരാമർശത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഇതിനെ ചോദ്യം ചെയ്ത് പവൻ ഖേര സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താല്പര്യമില്ലെന്ന് ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരെ അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അസമിലും ഉത്തർപ്രദേശിലും മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് പവൻ ഖേരക്കെതിരെ രജിസ്റ്റർ ചെയ്ത 3 എഫ്ഐആറുകൾ കഴിഞ്ഞവർഷം മാർച്ച് 20ന് സുപ്രീംകോടതി സംയോജിപ്പിച്ചിരുന്നു.
ലക്നൗവിലുള്ള ഹസ്രത്ത് ഗഞ്ച് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ കേസിൽ ലക്നൗ കോടതി ഖേരക്ക് ജാമ്യം അനുവദിക്കുകയും ആരോപണ വിധേയമായ പരാമർശങ്ങൾക്ക് നിരുപാധികം ഖേര മാപ്പ് അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക