ഇഡ്ഡലിയ്ക്കും ദോശയ്ക്കുമൊപ്പം ചമ്മന്തിയും സാമ്പാറിനും പകരം കൊള്ളി ബാജി ‘ അല്ലെങ്കിൽ കപ്പ ബാജി കഴിക്കാം. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണ്. കൂടാതെ കപ്പയിൽ ധാരാളം പോഷകഗുണങ്ങളുമുണ്ട്. കാർബോഹൈഡ്രേറ്റ്സ്, വൈറ്റമിൻസ്, മിനറൽസ് എന്നിവയാൽ സമ്പുഷ്ടമാണ് കാപ്പ. കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇതിൽ അടങ്ങിയിട്ടുള്ളൂ. അപ്പോൾ തയ്യാറാക്കാം രുചികരമായ കപ്പ ബാജി.
ചേരുവകള്‍
1. കപ്പ- 1/2 കിലോ
2. സവാള- 3 ഇടത്തരം
3. പച്ചമുളക്- 4 എണ്ണം
4. ഇഞ്ചി- ഒരിഞ്ച് നീളത്തില്‍
5. തേങ്ങ- 1/2 കപ്പ്
6. ജീരകം- 1 ടീസ്പൂണ്‍
7. വറ്റല്‍മുളക്- 3 – 4 എണ്ണം
8. കടുക്, ഉഴുന്ന്, കറിവേപ്പില- താളിക്കാന്‍.
9. ഉപ്പ്- ആവശ്യത്തിന്
10.മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കപ്പ ചെറു ചതുരക്കഷണങ്ങളാക്കി ആവശ്യത്തിന് ഉപ്പും ഒരല്പം മഞ്ഞള്‍പ്പൊടിയുമിട്ട് വേവിച്ചു ഉടയാതെ എടുക്കുക. വേവിച്ച വെള്ളം വാര്‍ത്തു കളയാം. വറ്റല്‍ മുളക് ഒരല്പം വെളിച്ചെണ്ണ ചൂടാക്കി ചെറുതീയില്‍ വറുത്തു മാറ്റി വെയ്ക്കുക. വറുത്ത മുളകും തേങ്ങയും ജീരകവും കൂടെ ഒരല്പം തരുത്തരുപ്പായി അരച്ചെടുക്കുക.
ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉഴുന്നും കറിവേപ്പിലയും താളിക്കുക. ഇതിലേക്ക് ഇഞ്ചി അരിഞ്ഞതും പച്ചമുളക് കീറിയതും ചേര്‍ത്ത് വഴറ്റുക. ഇനി സവാള ചേര്‍ത്ത് ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ടു വഴറ്റാം. നന്നായി വഴണ്ട് വരുമ്പോള്‍ വെന്ത കപ്പയും ഒരു കപ്പ് വെള്ളവും ചേര്‍ക്കാം.
തിള വന്നു തുടങ്ങുമ്പോള്‍ അരപ്പ് ചേര്‍ത്തിളക്കി തിളപ്പിക്കാം. ചാറ് കുറുകി ബാജി തയ്യാറാവുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം. കൊള്ളി ബാജി തയ്യാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക