ഡല്‍ഹി: എഐ അധിഷ്ഠിത ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് എന്‍ഡിടിവി സ്ഥാപകനും മുന്‍ ചെയര്‍പേഴ്സണുമായ പ്രണോയ് റോയ്. ഡികോഡര്‍ എന്ന പുതിയ സംരഭവുമായി മാധ്യമലോകത്തേക്ക് വീണ്ടും സാന്നിധ്യമുറപ്പിക്കനാണ് അദ്ദേഹം ഒരുങ്ങുന്നത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും ആഗോളതലത്തിലെ വാര്‍ത്തകളും വിശകലനങ്ങളുമായി 15 ഇന്ത്യന്‍ ഭാഷകളില്‍ ഡീകോഡര്‍ പുറത്ത് വരുമെന്നാണ് പ്രഖ്യാപനം.
പ്രണോയ് റോയ് തന്നെ ഡികോഡറിന്റെ പ്രൊമോ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. കാഴ്ചക്കാരെ സ്വതന്ത്രരായി വിശകലനം ചെയ്യാന്‍ പ്രാപ്തമാക്കുന്നതിനാണ് പ്ലാറ്റ്ഫോം എഐ നിര്മിതമാക്കിയതെന്ന് പ്രണോയ് റോയ് വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് ഡികോഡര്‍ ജനങ്ങളിലേക്ക് എത്തുകയെന്നും അറിയിച്ചിട്ടുണ്ട്.
പ്രണോയ് റോയ് എന്‍ഡിടിവിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജി വച്ചാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. അദാനി ഗ്രൂപ്പ് എന്‍ഡിടിവിയുടെ ഓഹരി ഏറ്റെടുത്തതോടെയാണ് 2022 നവംബര്‍ 30 ന് പ്രണോയ് റോയ് എന്‍ഡിടിവിയില്‍ നിന്ന് രാജിവെച്ചത്. എന്‍ഡിടിവിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫര്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അംഗീകരിച്ചതിന് പിന്നാലെയാണ് രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക