ബാറുകളിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടരുതെന്ന നിർദ്ദേശവുമായി മലപ്പുറം എസ് പി പുറത്തിറക്കിയ ഉത്തരവ് വിവാദമായതിനെ തുടർന്ന് പിൻവലിച്ചു. മദ്യപിച്ച് പുറത്തിറങ്ങുന്നവരെ ബാറുകൾക്കുള്ളിൽ നിന്ന് പിടികൂടരുത് എന്ന് നിർദേശത്തിൽ പിഴവ് പറ്റിയതാണ് എന്നാണ് സംഭവത്തിൽ എസ് പി നൽകുന്ന വിശദീകരണം.
വാഹന പരിശോധന നടത്തുമ്പോൾ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാരപരിധിയിൽ നിന്നോ മദ്യപിച്ചിറങ്ങുന്ന വ്യക്തികളെ പിടികൂടരുത് എന്ന നിർദ്ദേശമാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് എച്ച് മാർക്ക് നൽകിയത്. രാവിലെ പുറത്തിറങ്ങിയ ഉത്തരവ് വൻ വിവാദമായതോടെ വൈകുന്നേരത്തോടെ പിൻവലിക്കുകയായിരുന്നു.
ബാറുകളുടെ ഉള്ളിൽ കയറി ആളുകളെ പിടികൂടരുതെന്ന എസ് പി യുടെ നിർദ്ദേശം തയ്യാറാക്കിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയതാണ് എന്നാണ് എസ് പി നൽകുന്ന വിശദീകരണം. ബാറുകളുടെ ഉള്ളിൽ കയറി ആളുകളെ പിടികൂടുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ് പുറത്തിറക്കിയതെന്ന് എസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക