ഒരല്പം ശ്രദ്ധ കൊടുക്കുകയാണെങ്കിൽ കേരളത്തിലെ കാലാവസ്ഥയിൽ വളരെ സുലഭമായി വിളയുന്ന ഒന്നാണ് പാവയ്ക്ക. പലയിടങ്ങളിലും പല പേരുകളിലാണ് പാവയ്ക്ക അറിയപ്പെടുന്നത്. നിരവധി പോഷകഗുണങ്ങളാൽ സമ്പന്നമായ പച്ചക്കറിയായ പാവയ്ക്കയിൽ വിറ്റാമിൻ സി വിറ്റാമിൻബി 1, ബി2, ബി3, ബി9 എന്നിവയും അടങ്ങിയിട്ടുണ്ട്.
ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് പ്രശ്നങ്ങൾ അകറ്റുന്നതിന് പാവയ്ക്കയിൽ ധാരാളമായി അടങ്ങിയ പോളിഫിനോൾ സഹായിക്കുന്നു. നല്ല നീർ വാർച്ചയുള്ള മണൽ കലർന്ന എക്കല് മണ്ണ് പാവയ്ക്ക കൃഷി ചെയ്യാൻ വളരെ അനുയോജ്യമാണ്. നല്ല ഗുണമേന്മയുള്ള വിത്തുകൾ തെരഞ്ഞെടുത്തതിനു ശേഷം മണ്ണ് പരത്തുന്ന രോഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി കുമിൾ നാശിനിയിൽ മുക്കിയെടുക്കാൻ ശ്രദ്ധിക്കാം.
വരികൾക്കിടയിൽ 60 മുതൽ 90 സെന്റീമീറ്റർ അകലത്തിൽ രണ്ടു മുതൽ മൂന്നുസെന്റീമീറ്റർ ആഴത്തിൽ വിത്ത് നടുന്നതാണ് നല്ലത്. വെള്ളം കെട്ടിനിർത്താതെ പ്രത്യേകിച്ച് പൂവിടുമ്പോഴും കായ്ക്കുന്ന ഘട്ടങ്ങളിലും ആവശ്യത്തിന് മാത്രം വെള്ളം നൽകാൻ ശ്രദ്ധിക്കാം.
വിത്ത് നട്ടതിനു ശേഷം വളരുന്ന കാലഘട്ടങ്ങളിൽ സമീകൃത എൻപികെ വളങ്ങൾ ഉപയോഗിച്ച് വളപ്രയോഗം നടത്താൻ ശ്രദ്ധിക്കണം. സാധാരണയായി പാവലിനെ ആക്രമിക്കുന്ന കീടങ്ങൾ മുഞ്ഞ, പഴ ഈച്ച തുടങ്ങിയവയാണ്. ഇവയെ കീടനാശിനികൾ പ്രയോഗിച്ച് തുരത്താൻ ശ്രദ്ധിക്കണം. ബാക്ടീരിയ വാട്ടവും പാവലിനെ ബാധിക്കുന്ന മറ്റൊരു രോഗമാണ്.
നട്ടുകഴിഞ്ഞ് രണ്ടോ മൂന്നോ മാസത്തിനുള്ളിൽ വിളവെടുപ്പ് നടത്താൻ സാധിക്കും. കായ്കൾ പഴുക്കുന്നതിനു മുൻപ് പറിച്ചെടുക്കാൻ ശ്രദ്ധിക്കണം. വിത്ത് തയ്യാറാക്കുന്നതിനു വേണ്ടിയാണ് വിളവെടുക്കുന്നത് എങ്കിൽ മാത്രം പഴുത്തതിനുശേഷം വിളവെടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക