സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മലൈക്കോട്ടെ വാലിബൻ’. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ ഉദ്വേഗജനകമായ മുഹൂർത്തങ്ങൾ നിറച്ചുകൊണ്ട് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലിജോ ജോസ് പല്ലിശ്ശേരി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം വെള്ളിത്തിരയിൽ അത്ഭുതം സൃഷ്ടിക്കുമെന്ന ഉറപ്പും ട്രെയിലർ നൽകുന്നുണ്ട്.
ജനുവരി 25നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നും വലിയൊരു ക്യാൻവാസിൽ ചെയ്ത മലൈക്കോട്ടെ വാലിബൻ തിയേറ്ററിൽ മുൻവിധികളില്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമയാണെന്നുമാണ് മോഹൻലാൽ സിനിമയെ വിശേഷിപ്പിച്ചത്.
മോഹൻലാലിനെ കൂടാതെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ്, ഷിബു ബേബി ജോൺ അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‘ചുരുളി’ എന്ന ചിത്രത്തിനുശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീഖ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക