യുകെയിലെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം അവസാനിപ്പിച്ച് ‘എമ്പുരാൻ’ ടീം ഇനി അമേരിക്കയിലേക്ക്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ അമേരിക്കയിൽ വച്ചാണ് നടക്കുന്നത്. അമേരിക്കയിൽ ആരംഭിക്കുന്ന ചിത്രീകരണത്തിൽ മോഹൻലാൽ ഉടൻ തന്നെ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം 20 ഓളം വിദേശരാജ്യങ്ങളിൽ ആണ് ചിത്രീകരിക്കുന്നത്. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് ഷൂട്ടിംഗ് ആരംഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും.
ലഡാക്കിൽ ആയിരുന്നു ആദ്യഘട്ട ചിത്രീകരണം നടന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യയിലെ നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കും എന്നാണ് റിപ്പോർട്ട്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ചിത്രം 2019 പുറത്തിറങ്ങിയ ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ പ്രീക്വല് ആയാണ് ഒരുക്കുന്നത്.
‘ലൂസിഫർ’ എന്ന ചിത്രത്തിൽ മോഹൻലാൽ അനശ്വരമാക്കിയ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരൻ എങ്ങനെ അബ്രഹാം ഖുറേഷിയായി എന്നും ടോവിനോ തോമസിന്റെ ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും ചിത്രത്തിന്റെ ഇതിവൃത്തമാകും.
മലയാള ചിത്രം എന്നതിലുപരി തിയേറ്ററിലും ഒ ടിടി യിലും വൻ ബിസിനസ് ലഭിച്ച ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാൽ ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവും ആണ് അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക