ഈ ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗമില്ലാതെ ആർക്കും ജീവിക്കാൻ കഴിയില്ല. സ്മാര്‍ട് ഫോണില്ലാതെ തുടരാൻ ആളുകള്‍ വളരെ പ്രയാസപ്പെടുന്നത് തന്നെ സോഷ്യല്‍ മീഡിയയോടുള്ള ഈ അമിത ആധിക്യം കാരണമാണ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായ സാഹചര്യമാണ് ഇപ്പോൾ.
ഇടയ്ക്കിടയ്ക്ക് ഫോണെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ സ്ക്രോള്‍ ചെയ്തുപോകുന്ന സ്വഭാവമുണ്ടെങ്കില്‍ തീര്‍ച്ചയായും അതില്‍ പ്രശ്നമുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ ശീലം നമ്മുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.
സോഷ്യല്‍ മീഡിയ അധികമായി ഉപയോഗിക്കുന്നവരില്‍ കാണുന്നൊരു മാനസികാവസ്ഥയാണ് ‘സോഷ്യല്‍ മീഡിയ ആംഗ്സൈറ്റി’, അല്ലെങ്കില്‍ ‘ഫിയര്‍ ഓഫ് മിസിംഗ് ഔട്ട്’ . എപ്പോഴും മറ്റുള്ളവരുടെ എഴുത്തുകളും ഫോട്ടോകളും വീഡിയോകളുമെല്ലാം കണ്ട് നമ്മുടെ ജീവിതവുമായി താരതമ്യം ചെയ്ത് മനസ് ആംഗ്സൈറ്റിയിലേക്കോ (ഉത്കണ്ഠ) നിരാശയിലേക്കോ (ഡിപ്രഷൻ) പോവുക, നമുക്ക് കുറവുകളുണ്ടെന്ന് ചിന്ദിക്കുക , നമ്മുടെ ആത്മവിശ്വാസത്തെ അത് സാരമായി ബാധിക്കുക, ഉള്വലിയാൻ പ്രേരിപ്പിക്കുക എന്നിങ്ങനെ പല സങ്കീര്‍ണതകളാണ് ഈ അവസ്ഥയില്‍ ഉണ്ടാകുക.
സോഷ്യല്‍ മീഡിയ ഉപയോഗം നമ്മളില്‍ സന്തോഷമുണ്ടാക്കുന്നിന്റെ ഭാഗമായി അഡിക്ഷൻ രൂപപ്പെടുന്നു. ഈ ഘട്ടത്തില്‍ നമ്മുടെ ബന്ധങ്ങള്‍, നമ്മുടെ ഉത്പാദനക്ഷമത, ശ്രദ്ധ എല്ലാം പ്രശ്നത്തിലാകും. എന്തെന്നാൽ, നമുക്ക് ഇതിലേക്ക് പോകണം എന്ന വ്യഗ്രതയായിരിക്കും എപ്പോഴും. ഉറക്കത്തെയും സോഷ്യല്‍ മീഡിയ അഡിക്ഷൻ പ്രതികൂലമായി ബാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക