പെട്ടന്ന് വണ്ണം കുറയ്ക്കാൻ പലവഴികൾ തേടുന്നവരുണ്ട്. എന്നാൽ അകാരണമായി ഒരുപാട് വണ്ണം കുറയുന്ന ഒരുവിഭാഗവുമുണ്ട്. പലരും ഈ സ്ഥിതിവിശേഷത്തെ ഗൗരവമായി കാണാറില്ലെങ്കിലും കാരണമില്ലാതെ വണ്ണംകുറയുന്നത് നിസ്സാരമാക്കരുതെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്. അത്തരത്തിലുള്ള വണ്ണംകുറച്ചിലും കാൻസർ സാധ്യതയും അഭേദ്യബന്ധം ഉണ്ടെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഡയറ്റിങ്ങോ വർക്കൗട്ടോ കൂടാതെ രണ്ടുവർഷത്തിനിടെ കാര്യമായി വണ്ണംകുറഞ്ഞിട്ടുള്ളവരിൽ കാൻസർ സാധ്യത കൂടുതലാണെന്നാണ് നിഗമനം.
ദഹനനാളിയെ ബാധിക്കുന്ന കാൻസറാണ് ഇതിൽ പ്രധാനമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഹീമറ്റോളജിക്, കോളറെക്റ്റൽ, കുടൽ കാൻസർ എന്നിവയും പെട്ടെന്ന് വണ്ണംകുറയുന്നവരിൽ കണ്ടുവരുന്നുണ്ട്. ശരീരഭാരം കുറഞ്ഞതിനുശേഷമുള്ള ആദ്യത്തെ പന്ത്രണ്ടു മാസത്തിലാണ് അർബുദസാധ്യത ഏറ്റവും കൂടുതൽ.
അകാരണമായി വണ്ണംകുറയുന്നത് മറഞ്ഞിരിക്കുന്ന എന്തെങ്കിലും അസുഖത്തിന്റെ മുന്നറിയിപ്പായി വരുന്ന ലക്ഷണമാകാമെന്നും പഠനത്തിൽ തെളിഞ്ഞു. ആറുമാസത്തിനിടെ ശരീരഭാരത്തിന്റെ അഞ്ചുശതമാനം അകാരണമായി കുറയുന്നുണ്ടെങ്കിൽ ശ്രദ്ധ ചെലുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക