ഡൽഹിയിലെ വസീറബാദിൽ ഉണ്ടായ തീപിടുത്തത്തിൽ വാഹനങ്ങൾ കത്തി നശിച്ചു. വസീറാബാദിലെ പോലീസ് ട്രെയിനിങ് സ്കൂളിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ ആണ് കത്തി നശിച്ചത്. ആളപായം ഉണ്ടായിട്ടില്ല.
പുലർച്ചെ പന്ത്രണ്ടരയോടെ ഉണ്ടായി എന്ന് കരുതുന്ന തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ 8 ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു എങ്കിലും സാധിച്ചിരുന്നില്ല. പിന്നീട് കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിച്ച് പുലർച്ചെ നാലരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ട്രെയിനിങ് സ്കൂളിൽ പഴയ വാഹനങ്ങൾ സൂക്ഷിക്കുന്ന സ്റ്റോറേജ് ഏരിയയിലാണ് തീപിടുത്തം ഉണ്ടായത് എന്നും തീപിടുത്തത്തിൽ ഏകദേശം 200 നാലു ചക്രവാഹനങ്ങളും 250 ഇരു ചക്ര വാഹനങ്ങളും കത്തി നശിച്ചതായും അധികൃതർ വ്യക്തമാക്കി. തീപിടുത്തത്തിന് എന്താണ് കാരണം എന്ന് വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക