സ്പൈഡര്‍ പ്ലാന്റ് അഥവാ ക്ലോറോഫൈറ്റം കോമോസം വീടുകളില്‍ വളരെ എളുപ്പത്തില്‍ വളരുന്ന ചെടിയാണ്. നമ്മുടെ ആരോഗ്യത്തിനും വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് സ്പൈഡര്‍ പ്ലാന്റ്.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും നല്ല സൂര്യപ്രകാശവുമുള്ള സ്ഥലത്ത് നട്ടുവളര്‍ത്തി നോക്കൂ. വേനല്‍ക്കാലത്ത് സൂര്യപ്രകാശം കൂടുമ്പോള്‍ ഈ ചെടിയില്‍ പൂക്കളുണ്ടാകാന്‍ തുടങ്ങും. വെള്ളത്തിലും വളര്‍ത്തിയെടുക്കാവുന്നതാണ് ഇതിന്റെ വേരുകള്‍. പക്ഷേ, മണ്ണിലാണ് കൂടുതല്‍ നന്നായി വളരുന്നത്.
ധാരാളം വളര്‍ന്നാല്‍ പ്രൂണിങ്ങ് നടത്തുന്നതും നല്ലതാണ്. അതുപോലെ വേരുകള്‍ പുറത്തേക്ക് കാണാന്‍ തുടങ്ങുകയും നനയ്ക്കാന്‍ പ്രയാസം വരികയും ചെയ്താല്‍ പുതിയ പാത്രത്തിലേക്ക് പോട്ടിങ്ങ് മിശ്രിതം മാറ്റി നിറച്ച് നടണം.
സ്പൈഡര്‍ ചെടിയുടെ ഇലകളുടെ അറ്റത്ത് ബ്രൗണ്‍നിറമുണ്ടായാല്‍ ചെടിക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതുകൊണ്ടാകാമെന്ന് അനുമാനിക്കാം. അതുപോലെ മറ്റുപല കാരണങ്ങള്‍ കൊണ്ടും ബ്രൗണ്‍നിറമുണ്ടാകാം. ഇങ്ങനെ വരുമ്പോള്‍ വേരുകള്‍ക്ക് വളരാന്‍ കൂടുതല്‍ സ്ഥലമുള്ള പാത്രത്തിലേക്ക് മാറ്റി നട്ട ശേഷം വെള്ളം നന്നായി നല്‍കുക.
സ്പൈഡര്‍ പ്ലാന്റ് ലിവിംഗ് റൂമില്‍ തൂക്കിയിടാവുന്ന ചെടിയാണ്. അല്ലെങ്കില്‍ ബെഡ്റൂമില്‍ ടേബിള്‍ ടോപ്പ് ഡെക്കറേഷനായി സ്ഥാപിക്കാം. ഇത് നിങ്ങളുടെ ഇന്‍ഡോര്‍ പ്ലാന്റ് ആയി വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
സ്പൈഡര്‍ പ്ലാന്റ് വീടിനുള്ളിലെ ഏറ്റവും മികച്ച വായു ശുദ്ധീകരണ സസ്യങ്ങളില്‍ ഒന്നാണെന്നതാണ് സത്യം. നിങ്ങളുടെ വീട്ടില്‍ ഒരു സ്പൈഡര്‍ പ്ലാന്റ് സ്ഥാപിക്കുന്നത് ടോലുയിന്‍, കാര്‍ബണ്‍ മോണോക്സൈഡ്, സൈലീന്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ വായുവിലെ ദോഷകരമായ രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.
ഈ രാസവസ്തുക്കള്‍ക്കിടയില്‍, ഫോര്‍മാല്‍ഡിഹൈഡ് നമ്മുടെ വീടുകളില്‍ വളരെ സാധാരണമാണ്, കാരണം ഇത് സാധാരണയായി പ്ലാസ്റ്റിക് ഉല്പന്നങ്ങള്, തടി ഉല്പന്നങ്ങള്, തുകല്‍ സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്നു.
നിങ്ങളുടെ വീട്ടില്‍ നിന്ന് ഈ ദോഷകരമായ രാസവസ്തുവിനെ നീക്കം ചെയ്യാന്‍ സ്പൈഡര്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയവയെ വലിച്ചെടുക്കുന്നതിന് സ്പൈഡര്‍ പ്ലാന്റ് സഹായിക്കുന്നു.
ഇത് ഓക്സിജനെ ശുദ്ധീകരിക്കുകയും ആരോഗ്യത്തിനും ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. സ്വാഭാവികമായും ഇന്‍ഡോര്‍ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും നിങ്ങള്‍ക്ക് ശ്വസിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നുണ്ട് സ്പൈഡര്‍ പ്ലാന്റ്.
സ്പൈഡര്‍ പ്ലാന്റിനു ഒരുപാട് വളം ആവശ്യമില്ല. വെള്ളത്തില്‍ ലയിക്കുന്നതും തരിരൂപത്തിലുള്ളതുമായ വളങ്ങള്‍ ഉപയോഗിക്കാം. വളം കുറഞ്ഞുപോയാലും പ്രശ്നമില്ല, പക്ഷേ, കൂടുതലായാല്‍ ചെടി നശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക